തൊടുപുഴ: ബി.ജെ.പിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച ജനജാഗരണ സദസിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്ത് നോട്ടീസ് പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. 29ന് ബി.ജെ.പി തൊടുപുഴയിൽ സംഘടിപ്പിച്ച സി.എ.എ അനുകൂല പരിപാടി തൊടുപുഴയിൽ പ്രതിരോധിക്കണമെന്നും ഉച്ചയ്ക്ക് രണ്ടു മുതൽ കടകളടച്ച് വാഹനങ്ങൾ ഓടാതെ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ സമിതിയുടെ പേരിൽ നോട്ടീസ് വിതരണം നടത്തിയവർക്കെതിരെയാണ് കേസെടുത്തത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുസമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കും വിധം പ്രചരണം നടത്തിയതിനാണ് നടപടി. പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്യുന്നതിനായി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു.