തൊടുപുഴ: നിർമ്മിതി കേന്ദ്രത്തിന്റെ മുട്ടത്തുള്ള റീജിയണൽ ഓഫീസിന്റെ നടത്തിപ്പിൽ സമൂലമായ മാറ്റം വരുന്നു. കെടുകാര്യസ്ഥതയും ചില ഉദ്യാഗസ്ഥരുടെ നിക്ഷിപ്ത താൽപ്പര്യവും മൂലം ജീർണ്ണാവസ്ഥയിൽ എത്തിച്ചേർന്ന സ്ഥാപനത്തിനാണ് പുനർജീവനിയാകുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ റീജിണൽ ഓഫീസ് പരിശീലന കേന്ദ്രമാക്കി മാറ്റും. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സർക്കാർ, പൊതുമേഖ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം, അറ്റകുറ്റ പണികൾ നടത്തൽ, തുടങ്ങിയ പദ്ധതികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങൾക്കായി നടപ്പിലാക്കുന്ന നിർമ്മാണ പ്രവൃത്തികൾ എന്നിവ ലക്ഷ്യമാക്കിയാണ് ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ മുട്ടത്ത് റീജിണൽ കേന്ദ്രം ആരംഭിച്ചത്. കൂടാതെ സ്വകാര്യ വ്യക്തികളുടെ വിവിധ നിർമ്മാണ പ്രവർത്തികളും ഈ കേന്ദ്രം വഴി നടപ്പിലാക്കാൻ സാധിച്ചിരുന്നു.

. 1991 ഡിസംബർ 17 നാണ് ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്ത് കഴിഞ്ഞുള്ള ഏതാനും വർഷങ്ങൾ വിവിധ പദ്ധതികൾ ഏറ്റെടുത്ത് സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നില നിന്നിരുന്നു. എന്നാൽ നിർമ്മിതിയിൽ മാറി മാറി വന്ന ചില ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവും നിക്ഷിപ്ത താല്പര്യവും കാരണം ഈ സ്ഥാപനം ഏതാനും വർഷങ്ങളായി പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടം ജില്ലാ കോടതിയോട് ചേർന്ന് നിർമ്മിതി കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലവും പ്രവർത്തന സജ്ജമായ കെട്ടിടവും വർക്ക് ഏരിയ ഉൾപ്പടെ കോടികൾ വില വരുന്ന വസ്തു വകകൾ തിരിഞ്ഞ് നോക്കാതെ കാട് പിടിച്ച് നശിച്ചു പോകുന്നത് സംബന്ധിച്ചും ഇഴ ജന്തുക്കളും സാമൂഹ്യ വിരുദ്ധരും താവളമാക്കുന്നത് സംബന്ധിച്ചും പത്ര മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതേ തുടർന്ന് സ്ഥാപനം പ്രവർത്തിപ്പിക്കാൻ അടുത്ത നാളിൽ സർക്കാർ തലത്തിൽ തീരുമാനമാവുകയും ഇതിനായി പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു.

സംസ്ഥാന ഭാവന നിർമ്മാണ വകുപ്പിന്റെ കീഴിലാണ് നിർമ്മിതി കേന്ദ്രം പ്രവർത്തിക്കുന്നത്.ജില്ലാ കളക്ടർ ചെയർമാനായ അപ്പക്സ് ബോഡിയാണ് നിർമ്മിതി കേന്ദ്രത്തിന്റെ ദൈനം ദിനമായ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നതും

പുതിയ പദ്ധതികൾ:- മുട്ടത്തുള്ള റീജിണൽ കേന്ദ്രം അടുത്ത മാസം ആദ്യം പ്രവർത്തന സജ്ജമാക്കാനാണ് വകുപ്പ് അധികൃതർ ശ്രമിക്കുന്നത്. വൈവിധ്യങ്ങളായ പരിശീലന പ്രവർത്തികളാണ് ഈ കേന്ദ്രം വഴി തുടക്കത്തിൽ ആരംഭിക്കുന്നത്. നിർമ്മാണ മേഖലയിൽ മേസ്തിരി, മൈക്കാട് എന്നീ ജോലികൾക്കും ടൈൽസ്, ഹൊളോബ്രിക്സ്, സിമന്റ് കട്ട എന്നിവയുടെ നിർമ്മാണത്തിനും ശാസ്ത്രീയമായ രീതിയിൽ ആദ്യഘട്ടത്തിൽ ഈ കേന്ദ്രത്തിലൂടെ പരിശീലനം നൽകും. ജനറൽ, വനിത, എസ് സി - എസ് .ടി എന്നിവർക്കുള്ള അനുകൂല്യങ്ങളോടെയാണ് പരിശീലനം നൽകുന്നത്.

"മുട്ടത്തുള്ള റീജിണൽ കേന്ദ്രത്തിൽ എ ഇ എത്തുന്നുണ്ട്. നിർമ്മിതിയുടെ മികച്ച പരിശീലന കേന്ദ്രമാക്കി ഇതിനെ മാറ്റിയെടുക്കാനുള്ള ശ്രമം നടത്തും. അടുത്ത മാസം ആദ്യം വകുപ്പ് മന്ത്രിയുടെ സൗകര്യം നോക്കി പരിശീലന കേന്ദ്രം പ്രവർത്തന സജ്ജമാക്കും "

-പ്രോജക്ട് ഓഫീസർ, ജില്ലാ നിർമ്മിതി കേന്ദ്രം, ഇടുക്കി