കട്ടപ്പന: നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്താനുള്ള ശ്രമം പാളി. മുക്കുപണ്ടമാണെന്നു ജീവനക്കാർ തിരിച്ചറിഞ്ഞതോടെ ആഭരണവുമായി എത്തിയയുവാവ് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.45നാണ് ഭവനനിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനത്തിൽ യുവാവ് മാലയുമായി എത്തിയത്. 33ഗ്രാം തൂക്കമുള്ള മാല പരിശോധിച്ചപ്പോൾ സംശയം തോന്നിയ ജീവനക്കാരൻ മറ്റൊരു സ്ഥാപനത്തിലെ സ്വർണപ്പണിക്കരനെ സമീപിച്ചു. പരിശോധനയിൽ മുക്കുപണ്ടമാണെന്നു തെളിഞ്ഞതോടെ ജീവനക്കാരൻ തിരികെയെത്തിയപ്പോൾ യുവാവ് സ്ഥലത്തുണ്ടായിരുന്നില്ല. അര മണിക്കൂറിനുശേഷം മാല ആവശ്യപ്പെട്ട് ഇയാൾ വീണ്ടുമെത്തി. ജീവനക്കാരൻ ഉടമയെ ഫോണിൽ വിളിക്കുന്നതിനിടെ ഇയാൾ മാല വാങ്ങാതെ ഓടി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 45 ഗ്രാം തൂക്കമുള്ള മാലയുമായി ഇതേ യുവാവ് സ്ഥാപനത്തിൽ എത്തിയിരുന്നു. എന്നാൽ പണമില്ലാത്തതിനാൽ ജീവനക്കാരൻ ഇയാളെ പറഞ്ഞയച്ചു. യുവാവ് നൽകിയ ആധാർ കാർഡ് വ്യാജമാണോയെന്നു സംശയമുണ്ട്. സ്ഥാപന ഉടമ കട്ടപ്പന പൊലീസിൽ പരാതി നൽകി.