കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിലും കൊറോണ രോഗബാധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനം. നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ യോഗം ചേർന്നു. നഗരസഭയിലെ എല്ലാ വീടുകളിലും ബോധവൽകരണവുമായി ബന്ധപ്പെട്ട നോട്ടീസ് എത്തിക്കും. മൂന്നിന് മുഴുവൻ സ്‌കൂൾകോളജുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ ക്ലാെസടുക്കും. ആരാധനാലയങ്ങളിൽ വിഷയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നൽകും. വിവിധ സാമുദായിക സംഘടനകളുടെ യോഗങ്ങളിൽ അറിയിപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ റെസിഡന്റ്സ് അസോസിയേഷനുകളെ ഉൾപ്പെടുത്തി ബോധവൽകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
കൊറോണ രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നു നാട്ടിൽ എത്തുന്നവരെ 28 ദിവസം സ്വന്തം വീടുകളിൽ തന്നെ താമസിപ്പിച്ച് നിരീക്ഷിക്കാനും തീരുമാനമായി. രോഗലക്ഷണങ്ങൾ സംശയമുള്ളതായി തോന്നിയാൽ ദിശയുടെ ടോൾഫ്രീ നമ്പറായ 1058ലേക്ക് വിളിക്കണം. കൂടാതെ ജില്ലാ ആശുപത്രികളിലെ ഡോ. ദിപേഷ്: 9447169947, ഡോ. ജോസ്‌മോൻ 9496357226, തൊടുപുഴ അൽഅഹ്സറിലെ ഡോ. വിവേക് 9746686957 എന്നിവരെ ബന്ധപ്പെടാം. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ. നിതിൻ എം.എസ് രോഗം, പ്രതിരോധം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൗൺസിലർമാരായ ടെസി ജോർജ്, തങ്കമണി രവി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ജോസഫ്, വിവിധ സംഘടന പ്രതിനിധികളായ കെ.വി. വിശ്വനാഥൻ, സിജോ എവറസ്റ്റ്, ജോജോ കുമ്പളന്താനം, അനീഷ് തോണക്കര, അജിത്ത് മുരളീധരൻ, സുജികുമാർ എന്നിവർ പങ്കെടുത്തു.