കട്ടപ്പന: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത 48 മണിക്കൂർ അഖിലേന്ത്യ ബാങ്ക് പണിമുടക്കിന്റെ ആദ്യം ദിനത്തിൽ ജില്ലയിലെ ബാങ്കിടപാടുകൾ പൂർണമായി നിലച്ചു. ദേശസാത്കൃത ബാങ്കുകൾക്ക് പുറമേ സ്വകാര്യ ബാങ്കുകളും തുറന്നുപ്രവർത്തിക്കാൻ സമരക്കാർ അനുവദിച്ചില്ല. 2017ൽ കാലാവധി കഴിഞ്ഞ വേതന കരാർ പുതുക്കണമെന്നു ആവശ്യപ്പെട്ട് ഒൻപത് തൊഴിലാളി സംഘടനകൾ ഉൾപ്പെട്ട സംയുക്ത യൂണിയനാണ് പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
കട്ടപ്പനയിൽ ബാങ്ക് ജീവനക്കാർ പ്രകടനമായി എസ്.ബി.ഐ ശാഖയ്ക്കുമുമ്പിൽ എത്തി. എ.ഐ.ബി.ഇ.എ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജിജി വി. ജോസഫ്, സുശാന്ത് ഗോപിനാഥ്, പ്രതീഷ് രാജാമണി തുടങ്ങിയവർ നേതൃത്വം നൽകി.