മറയൂർ: മറയൂർ പഞ്ചായത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ജലനിധി പൈപ്പുകൾ രഹസ്യമായി വില്പന നടത്തുന്നുവെന്നാരോപിച്ച് എൽ ഡി എഫ് പഞ്ചായത്തംഗങ്ങൾ ക്വട്ടേഷൻ നടപടികൾ തടഞ്ഞു. മേലാടി കമ്യൂണിറ്റി ഹാളിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന നടപടികളാണ് തടഞ്ഞത്. മറയൂർ ഗ്രാമം, പട്ടിക്കാട് ബി.ജി. ഗ്രൂപ്പുകളുടെ കീഴിൽ നിർമ്മാണ പ്രവൃത്തികൾക്ക് ശേഷം ബാക്കി വന്ന പൈപ്പുകളുടെ വില്പനയാണ് തടഞ്ഞത്. ഈ രണ്ടു ഗ്രൂപ്പുകളുടെ പ്രസിഡന്റും സെക്രട്ടറിയും അറിയാതെയാണ് വില്പന നടത്തുവാൻ ശ്രമിച്ചത് എന്ന് എൽ ഡി എഫ് അംഗങ്ങൾ പറയുന്നു. വില്പന തടയുന്നതിന് ഇവരെല്ലാം എത്തിയിരുന്നു. പഞ്ചായത്ത് തല ബി.ജി.ഗ്രൂപ്പ് പ്രസിഡന്റും വില്പന നടപടികളെ കുറിച്ച് അറിഞ്ഞിരുന്നില്ല. പഞ്ചായത്തംഗങ്ങളായ കെ.വി.ഫ്രാൻസിസ്, മുരുകവേൽ, സി പി എം നോർത്ത് ലോക്കൽ സെക്രട്ടറി രാജേന്ദ്രൻ. എസ്, സി.പി.ഐ മറയൂർ ലോക്കൽ സെക്രട്ടറി രാജേന്ദ്രൻ, ബി .ജി. ഗ്രൂപ്പ് സെക്രട്ടറി രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വില്പന നടപടികൾ തടഞ്ഞത്. പരസ്യം ചെയ്താതാണ് വില്പന നടത്തുന്നത് എന്ന് ജലനിധി അധികാരികൾ പറയുന്നു. എന്നാൽ മുൻകൂട്ടിയുള്ള ധാരണയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്നുമുള്ളയാളുകളാണ് പൈപ്പുകൾ വാങ്ങുന്നതിന് എത്തിയയെന്ന് എൽ ഡി എഫ് അംഗങ്ങൾ പറഞ്ഞു.
എട്ടര കോടി രൂപയുടെ പദ്ധതിയാണ് മറയൂർ പഞ്ചായത്തിൽ ജലനിധി പദ്ധതിയിലൂടെ നടപ്പിലാക്കിയത്. പണി പൂർത്തികരിച്ച് കഴിഞ്ഞപ്പോൾ 25 ലക്ഷത്തിലധികം വിലയുടെ ജി.ഐ, പി.വി.സി പൈപ്പുകൾ പല ഭാഗത്തായി ബാക്കി വന്നിട്ടുണ്ട്. എന്നാൽ ഇതിന്റെ യാതൊരുവിധ കണക്കും ലഭ്യമല്ലായെന്ന് എൽ ഡി എഫ് അംഗങ്ങൾ പറഞ്ഞു. ഈ പൈപ്പുകൾ കണ്ടെത്തി ആവശ്യത്തിന് പൈപ്പ് മാറ്റി വച്ച് ബാക്കി പൈപ്പുകൾ സുതാര്യമായ രീതിയിൽ വില്പന നടത്തണമെന്നാണ് ആവശ്യമെന്ന് സി പി ഐ എം പഞ്ചായത്തംഗം കെ.വി.ഫ്രാൻസിസ് പറഞ്ഞു.