കാസർകോട്: രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മരുതോംമാനി സംരക്ഷിത വനമേഖലയിൽ കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് മാംസം കടത്തിയ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കി. നായാട്ടു സംഘത്തിൽപ്പെട്ട ആറുപേരാണ് കാട്ടുപോത്തിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് വിവരം.
മലയോരത്തെ ചില നായാട്ടു സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കള്ളത്തോക്ക് ഉപയോഗിച്ചാണ് സംഘം കാട്ടുപോത്തിനെ വെടിവെച്ചതെന്നും സൂചനയുണ്ട്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവർ ഒളിവിലാണെങ്കിലും ഇവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. രണ്ട് ദിവസത്തിനകം പ്രതികളെ അറസ്റ്റുചെയ്യാൻ സാധിക്കുമെന്ന് വനപാലകർ പറഞ്ഞു. മാംസം വാർന്നെടുത്ത നിലയിലാണ് കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നത്.