പെൻഷൻ ഇനത്തിൽ കുടിശ്ശിക ₹5,23,30,200

പ്രസവധനസഹായം കുടിശ്ശിക ₹50.37

ബോർഡിന് കീഴിൽ 8,38,711

ക്ഷേമിനിധി വിഹിതം പ്രതിമാസം ​-₹20

60 കഴിഞ്ഞാൽ പെൻഷൻ -₹1200

കണ്ണൂർ: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി തയ്യൽ തൊഴിലാളി പെൻഷനും. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷനോടൊപ്പം സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്യങ്ങളും മുടങ്ങിയിരിക്കുകയാണ്. പെൻഷൻ ഇനത്തിൽ 5,23,30,200 രൂപയും 38,749 പേർക്കുള്ള പ്രസവസഹായമായി 50.37 കോടി രൂപയുമാണ് ഇപ്പോഴും കുടിശ്ശികയായി നിൽക്കുന്നത്.

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിലാണ് കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ഒക്ടോബർ 31 വരെ 8,38,711 തൊഴിലാളികളാണ് ബോർഡിന് കീഴിൽ പേര് രജിസ്റ്റർ ചെയ്തത്. തൊഴിലാളികളിൽ നിന്നും ക്ഷേമനിധി വിഹിതമായി മാസം 20രൂപ ഈടാക്കുന്നുണ്ട്. പ്രായപരിധി എത്തുന്നതോടെ 1200 രൂപ വീതമാണ് പെൻഷനായി നൽകുന്നത്.

പെൻഷൻ കുടിശികയുണ്ടെന്ന് സ്ഥിരീകരിക്കുമ്പോഴും ആധാർ, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ളവർക്കാണ് കുടിശികയെന്നാണ് അധികൃതരുടെ ഭാഷ്യം. ജൂലായ് വരെ പെൻഷൻ നൽകിയെന്നാണ് അധികൃതർ പറയുന്നത്.

ക്ഷേമനിധി പ്രകാരം പ്രസവാനുകൂല്യമായി 2,000 രൂപ ബോർഡിൽ നിന്നും നൽകുന്നതിനോടൊപ്പം അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കുള്ള പ്രസവാനുകൂല്യ പദ്ധതി പ്രകാരം സർക്കാർ സഹായത്തോടെ അധിക സഹായമായി 13,000 രൂപയും നൽകുന്നുണ്ട്. സെപ്തംബർ 30 വരെ കൃത്യമായ അപേക്ഷ നൽകിയവർക്കെല്ലാം 2,000 രൂപ വീതം നൽകിയപ്പോൾ അധിക പ്രസവ ധനസഹായ ഇനത്തിൽ 38,749 പേർക്ക് 50,37,37,000 രൂപയാണ് വിതരണം ചെയ്യാൻ ബാക്കി. മരണാനന്തര ധനസഹായമായി 25,000 രൂപയ്ക്കൊപ്പം സംസ്കാരത്തിന് 1000 രൂപയും ആശ്രിതർക്ക് നൽകുന്നുണ്ട്.


''രാജ്യമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അമർന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് അടിസ്ഥാന വിഭാഗമായ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ പോലും മുടങ്ങുന്നത്''.

രാജു വാഴക്കാല, വിവരാവകാശ പ്രവർത്തകൻ