കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനുമായി രാജ്യമാകെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നാലിനു പൊതുസമ്മേളനം സംഘടിപ്പിക്കും.

വൈകിട്ട് നാലിന് സെന്റ് മൈക്കിൾസ് സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി സ്‌റ്റേഡിയം കോർണറിൽ അവസാനിക്കും. സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമർ മുസ്‌ലിയാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, സി.പി. സലീം, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, കെ.എൽ.സി.എ കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റണി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ചിറ്റാരിപറമ്പ്, പ്രൊഫ. എ.പി.സുബൈർ, ഉനൈസ് പാപ്പിനിശ്ശേരി, പി.ബി.എം.ഫർമീസ്, പ്രൊഫ. ശംസുദ്ദീൻ പാലക്കോട്, അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി എന്നിവർ പങ്കെടുക്കും. വിവിധ രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

വാർത്താസമ്മേളനത്തിൽ ചെയർമാൻ എൽ.വി. അബ്ദുൽ മജീദ്, എം.കെ .മഷ്ഹൂദ്, അഷ്‌റഫ് ബംഗാളി മുഹല്ല, വി. മുനീർ, എം.പി മുഹമ്മദ് ഗസ്സാലി എന്നിവർ സംബന്ധിച്ചു.