മാഹി: മയ്യഴിപ്പുഴയുടെ പല ഭാഗത്തും സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തി സ്ഥലം കൈയേറുന്ന പ്രവണത വർദ്ധിക്കുന്നു.ചൊക്‌ളി പഞ്ചായത്തിൽ പ്പെട്ട ഒളവിലം പാത്തിക്കൽ കള്ളുഷാപ്പിനടുത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതാണ് കൂട്ടത്തിൽ അവസാനത്തേത്.

ദശകങ്ങൾക്ക് മുമ്പ് ചകിരി വ്യവസായം പച്ചപിടിച്ചുനിന്ന കാലത്ത് പഞ്ചായത്ത് അധികൃതരിൽ നിന്നും തൊണ്ട് പൂഴ്ത്താനും സംസ്‌ക്കരിക്കാനുംവേണ്ടി പാട്ടക്കരാറിന് വാങ്ങിയ സ്ഥലമാണിത്.നിയമപരമായി അവകാശമുണ്ടെന്ന് പറയാനാവാത്ത ഭൂമിയിലാണ് കുന്നിടിച്ച് മണ്ണ് ലോറിയിലെത്തിച്ച് തള്ളുന്നത്. കരപ്പറമ്പിന്റെ അതിർത്തിയിൽ തള്ളുന്ന മണ്ണ് പുഴയിലേക്ക് മറിഞ്ഞ് പുഴയുടെ വിസ്തൃതി കുറക്കുകയാണ്.

ന്യൂ മാഹി കല്ലായി അങ്ങാടിയിൽ ബ്രദേഴ്സ് ക്ലബ്ബിന് പിൻവശത്തും പുഴയുടെ ഒരു ഭാഗം മണ്ണിട്ട് നികത്തിയിട്ടുണ്ട്. ന്യൂ മാഹി എം.എം.ഹൈസ്‌കൂൾ ജംഗ്ഷനിൽ അടുത്ത കാലം വരെ മരത്തടികൾ കുതിർത്തുവച്ചിരുന്ന പുഴയുടെ ഭാഗം മണ്ണിട്ട് നികത്തി മറ്റ് വ്യാപാരാവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്.പുഴ ഭാഗം ആർക്കും വെട്ടിപ്പിടിക്കാമെന്ന അവസ്ഥയിലായിട്ടുണ്ട്. പുഴയിൽ സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്നതും പതിവായിട്ടുണ്ട്.

ഈ പ്രദേശത്ത് ടൂറിസം വകുപ്പിന്റെ ജലകേളീ സമുച്ഛയവും, ജെട്ടിയുമെല്ലാം നിർമ്മാണത്തിലിരിക്കുകയാണ്. അതിനാൽ കൈയേറ്റം അധികമാരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുമില്ല.
പുഴയുടെ ഭാഗമായ ചതുപ്പുനിലങ്ങളാകട്ടെ മിക്കയിടത്തും മണ്ണിട്ടുമൂടി കര ഭൂമിയായി മാറിയിട്ടുണ്ട്.

കണ്ടലിനും കത്തിവച്ചു

മാഹി റെയിൽവേ പാലത്തിന് സമീപത്താണ് ഈ കൈയേറ്റം. ഇവിടെ വ്യാപകമായി കണ്ടൽക്കാടുകളും നശിപ്പിച്ചിട്ടുണ്ട്.. പതിനഞ്ച് വർഷം മുൻപ് സോഷ്യൽ ഫോറസ്റ്റ് സ്‌കീമനുസരിച്ച് നട്ടുപിടിപ്പിച്ച കണ്ടലുകളും ഇതിൽപ്പെടും. അഞ്ച് വർഷം മുമ്പ് പുഴയിൽ കവുങ്ങിൻ കുറ്റികൾ നാട്ടി ആ ഭാഗം മണ്ണിട്ട് നികത്താനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട്ടുകാർ തടയുകയായിരുന്നു.


ചിത്രവിവരണം: മയ്യഴിപ്പുഴ ഒളവിലം ഭാഗത്ത് മണ്ണിട്ട് നികത്തപ്പെട്ട നിലയിൽ