ടൗൺഹാൾ യാഥാർത്ഥ്യമാകുന്നത് നഗരസഭയുടെ 10-ാം വാർഷികത്തിൽ
ടൗൺഹാൾ പണിയുന്നത് കോട്ടപ്പുറം സ്കൂൾ പരിസരത്തെ 50 സെന്റ് സ്ഥലത്ത്
എം. രാജഗോപാലൻ എം.എൽ.എയുടെ വികസനനിധിയിൽ നിന്ന് ഒരു കോടി
നീലേശ്വരം: ടൗൺഹാൾ ഇല്ലാത്ത നഗരസഭ എന്ന പേരുദോഷത്തിൽനിന്നും നീലേശ്വരം മുക്തമാകുന്നു. നഗരസഭ നിലവിൽ വന്ന് 10 വർഷം തികയാറാവുമ്പോഴാണ് ടൗൺ ഹാൾ യാഥാർത്ഥ്യമാകുന്നത്.
എം. രാജഗോപാലൻ എം.എൽ.എയുടെ പ്രാദേശിക വികസനനിധിയിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ടൗൺ ഹാൾ പണിയുന്നത്. കോട്ടപ്പുറം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് 50 സെന്റ് സ്ഥലത്താണ് ടൗൺ ഹാൾ പണിയാനുദ്ദേശിക്കുന്നത്. നേരത്തെ ഇവിടെ തീയറ്ററിനായി സ്ഥലം കണ്ടെത്തിയിരുന്നു. ചിറപ്പുറത്ത് നഗരസഭയുടെ അധീനതയിൽ സ്ഥലമുണ്ടെങ്കിലും നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരമുള്ളതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു. ആധുനിക സൗകര്യത്തോടെയുള്ള ഒറ്റനില കെട്ടിടത്തിൽ ശുചിമുറി അടക്കമുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറായി. എൽ.എസ്.ജി.ഡി. കാസർകോട് ഡിവിഷന്റെ സാങ്കേതികാനുമതി ലഭിച്ചാൽ ടെൻഡർ നടപടിയിലേക്ക് നീങ്ങും.
എന്നാൽ കോട്ടപ്പുറത്ത് അനുവദിച്ച സിനിമ തിയേറ്റർ കോംപ്ലക്‌സിനെതിരെ എതിർപ്പുമായി ഒരു വിഭാഗം രംഗത്തുവന്നതു പോലെ ടൗൺഹാൾ നിർമ്മാണത്തിനെതിരെയും ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്.
എല്ലാറ്റിനെയും എതിർക്കുന്നതിന് ന്യായീകരണമില്ല. സിനിമ തിയേറ്റർ വരുന്നതിന് എതിർപ്പുമായി രംഗത്തുവന്നപ്പോൾ പിന്മാറിയത് അതിന്റെ ഫണ്ട് നഷ്ടപ്പെടേണ്ട എന്നു കരുതിയതാണ്. ഇപ്പോൾ അനുവദിച്ചു കിട്ടിയ ടൗൺഹാൾ സംരംഭവുമായി ആര് എതിർത്താലും മന്നോട്ടുപോകും.
നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ