തൃക്കരിപ്പൂർ: സംസ്ഥാനത്ത് പുതുവർഷദിനം മുതൽ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനം പേപ്പർ ബാഗ് നിർമ്മാണമേഖലയ്ക്ക് പുത്തൻ ഉണർവ്വേകുമെന്നു പ്രതീക്ഷ. പരിസ്ഥിതിക്ക് കോട്ടമാകുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്കറ്റുകളിൽ യഥേഷ്ടം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ അടക്കമുള്ളവ നിരോധിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി ഇളമ്പച്ചിക്കടുത്ത് തലിച്ചാലത്ത് പേപ്പർ ബാഗ് നിർമ്മാണശാല പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്കിന്റെ അതിപ്രസരം മൂലം വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് ബാഗിനേക്കാൾ വില അൽപ്പം കൂടുമെന്നതിനാൽ പൊതുജനങ്ങളും വിമുഖത കാണിച്ചു.
ജ്വല്ലറികൾ, ടെക്സ്റ്റൈയിൽസ്, ബേക്കറികൾ വിവിധ തരം ഷോറൂമുകൾ എന്നിവയ്ക്കാണ് നിലവിൽ പേപ്പർ കൊണ്ട് നിർമ്മിച്ച വിവിധങ്ങളായ ബാഗുകൾ നിർമ്മിച്ചു നൽകിയിരുന്നത്. 4 രൂപ മുതൽ 12 രൂപ വരെ വിലയിലുള്ള പേപ്പർ ബാഗുകളാണ് തലിച്ചാലത്തെ പേപ്പർ ബാഗ് യൂണിറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. ജില്ലയിൽ പലയിടത്തും ഇത്തരം സ്ഥാപനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പ്ലാസ്റ്റിക്കിന്റെ കടന്നുകയറ്റം ഇവയുടെയൊക്കെ നടുവോടിച്ചു.
എന്നാൽ തലിച്ചാലത്തെ സ്ഥാപനം ഹരിഗോവിന്ദും ഭാര്യ രാധികയും ചേർന്ന് പിടിച്ചു നിർത്തുകയായിരുന്നു. അംഗപരിമിതികളടക്കം ഇരുപതോളം പേരാണ് വൈൻ മാർക്ക് എന്ന തലിച്ചാലത്തെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. സർക്കാരിന്റെ പ്ലാസ്റ്റിക്കിനോടുള്ള പുതിയ നയസമീപനം മുടങ്ങിക്കിടക്കുന്ന പല പേപ്പർ ബാഗ് കമ്പനികൾക്കും ഉണർവ്വേകിയേക്കും.