കണ്ണൂർ: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിക്കുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികൾ സ്വീകരിക്കുന്നത് യുക്തിരഹിതമായ നിലപാടെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. ഡിസ്‌പോസിബിൾ ഫ്രീ കണ്ണൂർ എന്ന പേരിൽ ജില്ലയിൽ രണ്ടുവർഷമായി വിജയകരമായി പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ രംഗത്ത് മികച്ച മന്നേറ്റം ജില്ലയിൽ ഉണ്ടായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ജനുവരി 15 നു ശേഷം നിരോധനം കർശനമാക്കാനും യോഗം നിർദ്ദേശിച്ചു.

നിലവിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിറ്റുതീരും വരെ കാത്തുനിൽക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി..വ്യാപാരികൾ അവരുടെ പക്കലുള്ള നിരോധിത ഉൽപന്നങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് തിരിച്ചേൽപിക്കണം. പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങളിൽ വ്യാപാരികളുടെ പൂർണ്ണ സഹകരണം കൂടിയേ തീരൂ. ജനുവരി അഞ്ചിനു മുമ്പുതന്നെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരെയും വ്യാപാരികളെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേരാനും യോഗം നിർദ്ദേശിച്ചു.

പദ്ധതികൾക്ക് അംഗീകാരം

ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ വി സമേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി ഭേദഗതി, ഇരിട്ടി നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയുടെ അനുബന്ധ കർമപദ്ധതി ലേബർ ബഡ് ജറ്റ്, പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ്, എടക്കാട് ബ്ലോക്കുകൾക്കുള്ള നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ എന്നിവയ്ക്ക് അംഗീകാരം നൽകി.
ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ പി ജയബാലൻ, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു

ബൈറ്റ്

. പ്ലാസ്റ്റിക്കിനോട് വിട പറയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണം. കുടുംബശ്രീയൂണിറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയവയും നിരോധന പ്രവർത്തനങ്ങളിൽസജീവമാകണം- ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്