കാഞ്ഞങ്ങാട്: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുതുവർഷദിനത്തിൽ കാസർകോട് താലൂക്കിൽ നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങിയത് 260 വാഹനങ്ങൾ. മുൻകൂട്ടി പ്രചാരണം നടത്തി ജില്ലയിൽ രണ്ടാമത് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ കുടുങ്ങിയത്. ഇവരിൽ നിന്ന് മൂന്നര ലക്ഷം രൂപ പിഴയും ഈടാക്കി.

ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത 83 പേരും ലൈസൻസില്ലാെതെ വാഹനമോടിച്ച 16 പേരും സീറ്റ് ബെൽറ്റ് ധരിക്കാത്ത 27 പേരും ടാക്‌സ് അടക്കാത്ത 12 വാഹനങ്ങളും മൊബൈൽ സംസാരിച്ച് വാഹനമോടിച്ച 3 പേരും കൂളിംഗ് ഫിലിം പതിച്ച 15 വാഹനങ്ങളും ഇൻഷ്വറൻസ് ഇല്ലാത്ത 20 പേരും ഫിറ്റ്‌നസ് ഇല്ലാത്ത 2 ഉം പെർമിറ്റിനു വിരുദ്ധമായി സർവീസ് നടത്തിയ 8 പേരും വാഹന പരിശോധയിൽ കുടുങ്ങി പിഴ ഒടുക്കി.

ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ആർ.ടി.ഒ എസ്. മനോജ്, എൻഫോർസ്‌മെന്റ് ആർ.ടി.ഒ ഇ. മോഹൻ ദാസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് എന്നീ ഓഫീസുകളിലെ വാഹന പരിശോധകരും എൻഫോർസ്‌മെന്റ് ആർ.ടി.ഒ യുടെ മൂന്ന് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഇനിയും ഇത്തരം പരിശോധനകൾ തുടരുമെന്ന് ആർ.ടി.ഒ അറിയിച്ചു.

ഹെൽമറ്റ് ധരിക്കാത്തവർ 83

ലൈസൻസില്ലാത്തവർ 16

സീറ്റ് ബെൽറ്റ് ധരിക്കാത്തവർ 27

ടാക്സ് അടക്കാത്തവർ 12

ഇൻഷ്വറൻസ് ഇല്ലാത്തവർ 20