മട്ടന്നൂർ: പുതുവർഷ ദിനത്തിൽ തന്നെ യാത്രക്കാരെ വലച്ച് ഇരിട്ടി-കണ്ണൂർ, ഇരിട്ടി-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ്സുകൾ പണിമുടക്കി. ഉളിയിൽ നരയമ്പാറയിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്ക്.
സ്വകാര്യ ബസ്സുകൾ ഓടാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി. ബസുകളെയും സമാന്തര സർവീസുകളെയുമാണ് യാത്രക്കാർ ആശ്രയിച്ചത്. ഇരിട്ടി-തലശ്ശേരി റൂട്ടിലോടുന്ന കൈലാസം ബസിലെ കണ്ടക്ടർ ആറളത്തെ വിനീതിനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. നരയമ്പാറയിൽ വെച്ച് ബസിൽ കയറുന്നതിനിടെ രണ്ട് വിദ്യാർഥിനികൾക്ക് വീണ് പരിക്കേറ്റതുമായി ബന്ധപ്പെട്ടാണ് ഒരു സംഘം ബസ് തടഞ്ഞ് ജീവനക്കാരനെ മർദ്ദിച്ചതെന്നാണ് പരാതി. എന്നാൽ കുറച്ചകലെ നിർത്തിയ ബസിലേക്ക് കയറാനായി വിദ്യാർഥിനികൾ വരുമ്പോഴാണ് വീണതെന്ന് ബസ് ജീവനക്കാർ പറയുന്നു. കണ്ടക്ടറെ മർദ്ദിച്ചെന്ന പരാതിയിൽ നാലു പേർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.