തൃക്കരിപ്പൂർ: കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള അതിവർഷ ആനുകൂല്യ വിതരണം നിലച്ചിട്ട് എട്ടു വർഷമായി. ഇതിനായി കാത്തുനിന്ന ആയിരക്കണക്കിന് കർഷകത്തൊഴിലാളികൾക്ക് നിരാശ മാത്രം ബാക്കി. ആനുകുല്യത്തിനായി ക്ഷേമനിധി ഓഫീസിൽ കയറിയിറങ്ങുന്നവരെ ഫണ്ടില്ലെന്ന് പറഞ്ഞ് തിരിച്ചയയ്‌ക്കുകയാണ്.
ക്ഷേമനിധിയിൽ അംഗമായവയരുടെ മക്കൾക്ക് നൽകി വരുന്ന 10000 രൂപയുടെ വിവാഹ ധനസഹായവും നിലച്ചു. ഒരു ഗുണഭോക്താവിന്റെ രണ്ടു മക്കൾക്ക് ഇത്തരം ധനസഹായം നൽകി വന്നിരുന്നു. 2012 മേയ് മാസത്തിന് ശേഷം ഈ രണ്ട് ആനുകൂല്യങ്ങളും വിതരണം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നവർക്ക് മുന്നിൽ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്.
കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന 18 നും 60നും ഇടയിലുള്ള തൊഴിലാളികളുടെ ക്ഷേമത്തിനായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത്. ഇതു പ്രകാരം 60 വയസ് കഴിഞ്ഞ തൊഴിലാളിക്ക് 10000 രൂപയുടെ ഒറ്റത്തവണയായുള്ള സഹായമാണ് നൽകിവന്നിരുന്നത്. അംശാദായം അടയ്‌ക്കുന്ന തുകയ്‌ക്കനുസരിച്ചാണ് ആനുകൂല്യം ലഭിക്കുക. പ്രതിമാസം അഞ്ചു രൂപ അംശാദായം അടയ്‌ക്കുന്ന ഗുണഭോക്താക്കൾക്കാണ് സർക്കാർ സഹായം നൽകി വന്നിരുന്നത്.
ജോലി ചെയ്യാൻ കഴിയാതെ വരുന്ന പ്രായത്തിൽ ലഭിക്കുന്ന ഈ തുക സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം വലിയൊരു ആശ്വാസവുമായിരുന്നു. തൃക്കരിപ്പൂരും പരിസരങ്ങളിലുമായി മാത്രം തന്നെ ഇത്തരത്തിലുള്ള അഞ്ഞൂറോളം ഗുണഭോക്താക്കളുണ്ട്. ഈ കാലയളവിൽ നിരവധി പേർ മരിച്ചുപോയിട്ടുമുണ്ട്. എന്നാൽ ആനുകൂല്യം ലഭിക്കുന്നതിനിടയിൽ മരണപ്പെടുന്നവർക്ക് അവകാശപ്പെട്ട തുക ഭാര്യയ്‌ക്കോ മക്കൾക്കൊ കിട്ടാനും നിയമമില്ല.