കണ്ണൂർ: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കേരള സഭയുടെ പേരിൽ മാപ്പർഹിക്കാത്ത ധൂർത്താണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ട്രഷറിയിൽ മൂന്ന് മാസമായി ഒരൊറ്റ ബിൽ പോലും മാറുന്നില്ല. വികസന പ്രവർത്തനങ്ങളെല്ലാം നിശ്ചലമായി. ശമ്പളവും പെൻഷനും നൽകുന്നത് കടം വാങ്ങിയിട്ടാണ്.
പ്രളയ പുനരധിവാസത്തിന് ലോക ബാങ്കിൽ നിന്ന് ലഭിച്ച വായ്പയെടുത്താണ് ലോക കേരള സഭയുടെ പേരിൽ മാമാങ്കം നടത്തുന്നത്. ഈ പണം വകമാറ്റിയിട്ടുണ്ടെന്ന് നിയമസഭയിൽ ധനമന്ത്രി സമ്മതിച്ചിട്ടുമുണ്ട്. ഈ പണം തന്നെയാണ് ലോക കേരള സഭയ്ക്കുള്ള ധൂർത്തിനും വിനിയോഗിക്കുന്നത്. അല്ലെങ്കിൽ ലോകബാങ്കിൽ നിന്ന് ലഭിച്ച ആ പണം എവിടെ പോയെന്നും ഏത് അക്കൗണ്ടിൽ സൂക്ഷിച്ചുവെന്നും സർക്കാർ വ്യക്തമാക്കണം. പുതുവർഷത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, എ.ഡി. മുസ്തഫ, കെ. സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.