കാസർകോട്: കുമ്പള സഹകരണ ആശുപത്രിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ അന്വേഷിച്ചുവരുന്നു. ആശുപത്രി തല്ലിത്തകർക്കുകയും കാവൽക്കാരനെ മർദ്ദിക്കുകയുമായിരുന്നു. സൂരംബയൽ സ്വദേശികളായ സന്തോഷ് (20), ശൈലേഷ് (25), വിജയ് (29) എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെ കാവൽക്കാരൻ യോഗേഷി(33)നാണ് അക്രമത്തിൽ പരിക്കേറ്റത്. പുലർച്ചെ രണ്ടുമണിയോടെ കാറിലെത്തിയ അഞ്ചുപേരാണ് അക്രമം നടത്തിയത്. ആശുപത്രിക്ക് മുന്നിൽ നിറുത്തിയിട്ട കാർ മാറ്റിയിടാൻ കാവൽക്കാരൻ ആവശ്യപ്പെട്ടപ്പോൾ നിലത്തിട്ട് മർദ്ദിക്കുകയും കാഷ്വാലിറ്റിയുടെ ഗ്ലാസ് തകർക്കുകയും ചെയ്തുവെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുള്ളത്. കുമ്പള അഡീ. എസ്.ഐ വിനോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ കാസർകോട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.