മാഹി: പിറന്നാൾ ദിനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഡോ: കാസിനോ പി.മുസ്തഫ ഹാജി.
ആശംസകൾ നേരാൻ കാലത്ത് മുതൽ വീട്ടിലെത്തിയവർക്കെല്ലാം പ്രഭാത ഭക്ഷണത്തിനൊപ്പംപുതുവത്സരക്കോടിയും ഹാജിക്ക സമ്മാനിച്ചു. സാരി, ചുരിദാർ, മാക്‌സി, അമ്മൂമ്മക്കുപ്പായം, ഷർട്ട്, ദോത്തി തുടങ്ങിയവ 2100 പേർക്ക് പിറന്നാൾ സമ്മാനമായി ലഭിച്ചു.
വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരൻ, മാഹി സെന്റ് തെരേസാ ദേവാലയത്തിലെ വികാരി ഫാദർ ഡോ: ജെറോം ചിങ്ങന്തറ തുടങ്ങിയവർ പിറന്നാൾ ആശംസകൾ നേരാനും പുതുവസ്ത്രങ്ങൾ വിതരണം ചെയ്യാനുമെത്തി.
ജാതി മത ഭേദമെന്യേ ആയിരക്കണക്കിനാളുകളുടെ അത്താണിയാണ് മുസ്തഫ ഹാജി. ഭക്ഷണവും, മരുന്നും, വസ്ത്രങ്ങളുമെല്ലാമായി ആയിരങ്ങൾക്കാണ് ഈ പ്രവാസി വ്യവസായി എത്തിച്ചുനൽകുന്നത്. അനാഥ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം നടത്തിച്ചും തലചായ്ക്കാനിടമില്ലാത്തവർക്ക്് വീട് വച്ചുനൽകിയും മേഖലയിൽ ജീവകാരുണ്യത്തിന്റെ ആൾരൂപമായാണ് അറിയപ്പെടുന്നത്.
പോയ വർഷം ദേശത്തു നിന്നും, വിദേശങ്ങളിൽ നിന്നുമായി ഒട്ടേറെ ബഹുമതികൾ ഈ ജീവകാരുണ്യ പ്രവർത്തകനെ തേടിയെത്തിയിരുന്നു.അല്ലാഹു വിന്റെ കാരുണ്യവും ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവികതയുമാണ് ഹാജിക്കയുടെ ജീവിത മന്ത്രം.


ചിത്രവിവരണം: കാസിനോ പി.മുസ്തഫ ഹാജിയുടെ പിറന്നാൾ ദിനത്തിൽ നോവലിസ്റ്റ് എം .മുകുന്ദൻ പിറന്നാൾ കോടി വിതരണം ചെയ്യുന്നു