കാഞ്ഞങ്ങാട്: റീ സർവേ പൂർത്തിയായ വില്ലേജുകളിൽ ജനങ്ങളുടെ പരാതി അതേപടി നിലനിൽക്കെ മൂന്ന് വില്ലേജുകളിൽകൂടി റീ സർവേ നടത്താൻ ഉത്തരവ്. ഹൊസ്ദുർഗ് താലൂക്കിൽ വരുന്ന ബല്ല ,തിമിരി, പുതുക്കൈ വില്ലേജുകളിലാണ് പുതുതായി സർവേ നടത്തേണ്ടത്.2017 നവംബർ ഒന്നിനാണ് പത്തു വില്ലേജുകളിൽ സർവേ പൂർത്തീകരിച്ചത്. അതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് തീർപ്പാകാതെ കിടക്കുന്നത്.

റീ സർവേയ്ക്ക് വരുന്ന ഉദ്യോഗസ്ഥർ സർവേ ചെയ്യുന്ന സ്ഥലത്തിന് കൃത്യമായ അതിർ നിശ്ചയിക്കാത്തതാണ് പരാതിക്ക് കാരണമായിത്തീരുന്നത്. വീട്ടുകാർ പറയുന്നതു പ്രകാരം സർവേനടത്തി പോവുകയായിരുന്നു ഉദ്യോഗസ്ഥർ. അതു പ്രകാരം നികുതിയടക്കാൻ കഴിയാതെ വന്നപ്പോഴാണ് പലരും പരാതിയുമായെത്തിയത്. ഭൂമിയുടെ തണ്ടപ്പേർ മാറ്റിക്കിട്ടാനും ഏറെപ്പേർ റീസർവേ അധികൃതരെ സമീപിച്ചിട്ടുണ്ട്. പുതുതായി നടക്കുന്ന സർവേകളിലെങ്കിലും ഭൂമിയുടെ അതിർത്തി കൃത്യമായി സൃഷ്ടിക്കേണ്ടതുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു.