രാജപുരം : മലഞ്ചരക്ക് കട കുത്തിത്തുറന്ന് പണം കവർന്ന പ്രതി ഒന്നര വർഷത്തിന് ശേഷം പിടിയിലായി. മാലോം കാഞ്ഞിരക്കുണ്ട് അരീപ്പറമ്പ് സ്വദേശി ശശി (58)യെ ആണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കരിവേടകം മാലക്കല്ലിലെ മലബാർ ട്രേഡിംഗ് മലഞ്ചരക്ക് കടയുടെ പൂട്ട് തകർത്ത് 2.70 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്.
ഒറ്റ മാവുങ്കാൽ ആനക്കല്ല് സ്വദേശി ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കടയിൽ 2018 ഏപ്രിൽ മൂന്നിന് രാത്രിയാണ് കവർച്ച നടത്തിയത്. ബേഡകം കുണ്ടുപാറയിൽ റബ്ബർ ടാപ്പിംഗ് നടത്തുന്നതിനിടെ ആണ് ശശിയെ രാജപുരം എസ് ഐ രാജീവൻ, അഡീഷണൽ എസ് ഐ കൃഷ്ണൻ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്. വെള്ളരിക്കുണ്ട്, രാജപുരം, നീലേശ്വരം, ബേക്കൽ, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ മോഷണ കേസുകൾ ഉണ്ടെന്ന് രാജപുരം സി ഐ ബാബു പെരിങ്ങോത്ത് പറഞ്ഞു.
എട്ട് കളവ് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2003 ൽ കുടുംബ ബന്ധം ഉപേക്ഷിച്ചു നാടുവിട്ട ശശി വിവിധ സ്ഥലങ്ങളിൽ താമസിച്ചാണ് മോഷണം നടത്തുന്നത്. മോഷണം നടത്തിയ ശേഷം മുങ്ങുന്ന ഇയാൾ മംഗളുരു, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ കറങ്ങുകയാണ് പതിവ്. ഹൊസ്ദുർഗ് ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.