കാസർകോട്: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെ യുവ ഉദ്യോഗസ്ഥനെ ബേക്കലിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐ.ബി കാസർകോട് ഇൻസ്പെക്ടർ ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടത്ത് ഫാത്തിമ മന്ദിരത്തിൽ ഫ്രാൻസിസ് .എൽ.ജെ - ലൈല മേരി കൊച്ചുറാണി ദമ്പതികളുടെ മകൻ റിജോ ആഗ്നൽ ഫ്രാൻസിസിനെ (36) യാണ് ടൗണിൽ നിറുത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.
വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഔദ്യോഗിക ആവശ്യാർത്ഥം ബേക്കലിലേക്ക് പോവുകയായിരുന്ന ഇൻസ്‌പെക്ടർക്ക് കാറോടിക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. നെഞ്ചുവേദന തോന്നിയ സമയം തന്നെ കാർ നിറുത്തിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. നിറുത്തിയിട്ട കാറിനുള്ളിൽ ഒരാൾ കിടക്കുന്നത് കണ്ടാണ് ടൗണിലുണ്ടായിരുന്നവർ ശ്രദ്ധിച്ചത്.പൊലീസ് ഉടൻ തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദീർഘനാളായി റിജോ ഫ്രാൻസിസ് കാസർകോട് ജോലി ചെയ്തു വരികയാണ്. ക്വാർട്ടേഴ്സിലാണ് താമസം.
ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ശസ്ത്രക്രിയ നടത്തിയിരുന്ന ഇദ്ദേഹം ചികിത്സ തുടരുകയായിരുന്നു. ലക്ഷ്മിയാണ് ഭാര്യ. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. മൃതദേഹം ബേക്കൽ എസ്.ഐ.പി അജിത്കുമാർ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരൻ, എസ്.എസ്.ബി ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി. മൂന്ന് വർഷമായി കാസർകോട്ട് ഐ.ബി ഇൻസ്പെക്ടറാണ്. വിവരമറിഞ്ഞ് അച്ഛനും അമ്മയും ബേക്കലിലെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.