മട്ടന്നൂർ : ഈ റോഡിലൂടെ ഒരു തവണയെങ്കിലും നഗരഭരണാധികാരികൾ യാത്ര ചെയ്തിരുന്നെങ്കിൽ റോഡിന് ഈ ഗതി വരില്ലായിരുന്നു.പൂർണ്ണമായും തകർന്ന നീർവേലി - ഏളക്കുഴി റോഡിനെ കുറിച്ച് നാട്ടുകാരുടെ വാക്കുകളാണിത്.യാത്ര ദുഷ്കരമായിട്ടും റോഡ് നവീകരിക്കാത്തത് നാട്ടുകാരിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

മട്ടന്നൂർ നഗരസഭയിലെ പതിനെട്ടാം വാർഡിലുൾപ്പെടുന്ന സ്ഥലത്തെ റോഡാണ് 500 മീറ്ററോളം നീളത്തിൽ തകർന്ന് കിടക്കുന്നത്. ടാറിംഗ് ഇളകി കരിങ്കൽ ചീളുകൾ റോഡിലാകെ ചിതറിക്കിടക്കുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ് ടാറിംഗ് പൂർണമായും ഇല്ലാത്ത സ്ഥിതിയാണ്. റോഡിന്റെ തകർച്ച മൂലം ഓട്ടോറിക്ഷകൾ വരെ സർവീസ് നടത്താൻ മടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ചെങ്കല്ല് കയറ്റിയ ലോറി ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ കടന്നു പോകുന്നത് റോഡിന്റെ തകർച്ചയ്‌ക്ക് പ്രധാന കാരണമായെന്നും പറയുന്നു. സ്കൂൾ കുട്ടികൾ വാഹനങ്ങൾ ഓടാത്തതിനാൽ നടന്നുപോകേണ്ടി വരുന്നു.കാൽനടയാത്രക്കാരും ബു ദ്ധിമുട്ടുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലുകൾ ഇളകിത്തെറിച്ച് വഴിവക്കിലുള്ളവർക്ക് പരിക്കേൽക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.

ഇരുചക്ര വാഹനങ്ങൾ ചിതറി കിടക്കുന്ന കല്ലുകളിൽ തട്ടി അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള അധികാരികളെ നിരവധി തവണ പ്രശ്നത്തെ കുറിച്ച് അറിയിച്ചെങ്കിലും അവഗണന തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ റോഡായി വികസന സാധ്യതയുള്ളതാണ് മുണ്ടോറപൊയിൽ - ഏളക്കുഴി- നീർവേലി റോഡ്. ഇതിൽ കോറമുക്ക് - ഏളക്കുഴിവയൽ റോഡ് 35 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് വർഷം മുമ്പ് നവീകരിച്ചിരുന്നു.എന്നാൽ നീർവേലിയിലേക്ക് പോകുന്ന സ്ഥലത്തെ റോഡ് തകർന്ന് കിടക്കുന്നതിനാൽ റോഡ് നവീകരണത്തിന്റെ പ്രയോജനം നാട്ടുകാർക്ക് ലഭ്യമാകുന്നില്ല. യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് റീടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.

പടം : നീർവേലി - ഏളക്കുഴി റോഡ് പൂർണ്ണമായും തകർന്ന നിലയിൽ