കണ്ണൂർ:കണ്ണൂർ ജില്ലയിലെ ക്ഷീരകർഷകർ,ക്ഷീര വികസന വകുപ്പ് ,ക്ഷീര സഹകരണ സംഘങ്ങൾ,ആത്മ കണ്ണൂർ,മിൽമ,കേരള ഫീഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്ഷീര കർഷകരുടെ ജില്ലാ തല സംഗമം ഏഴ് മുതൽ 11 വരെ മട്ടന്നൂരിൽ സംഘടിപ്പിക്കുന്നു.11 ന് മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടന സമ്മേളനം നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും.മന്ത്രി ഇ.പി ജയരാജൻ അദ്ധ്യക്ഷത വഹിക്കും.മികച്ച ക്ഷീര കർഷകരെയും ,ക്ഷീര സംഘങ്ങളെയും ആദരിക്കുകയും ചെയ്യും.ഏഴിന് രാവിലെ 9.30 ന് മട്ടന്നൂർ നഗരസഭ സി.ഡി.എസ് ഹാളിൽ ഡയറി ക്വിസും ചിത്ര രചനാ മത്സരവും നടക്കും.മട്ടന്നൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീന ഉദ്ഘാടനം ചെയ്യും.ഒമ്പതിന് രാവിലെ എട്ടിന് ഇരുവച്ചാലിൽ കന്നുകാലി പ്രദർശനവും ,ഉരുവച്ചാൽ ക്ഷീര സംഘം ഫാർമേഴ്സ് ഫെസിലേറ്റേഷൻ സെന്ററിൽ സംഘം ജീവനക്കാർക്കുള്ള ശിൽപശാലയും നടക്കും.കന്നുകാലി പ്രദർശനം മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണുവും ശിൽപശാലയുടെ ഉദ്ഘാടനം മട്ടന്നൂർ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുരുഷോത്തമനും ഉദ്ഘാടനം ചെയ്യും.എം.എൽ.എമാർ,മുനിസിപ്പൽ ചെയർമാൻ,ജനപ്രതിനിധികൾ,ക്ഷീരകർഷകർ,സഹകാരികൾ ,സാങ്കേതിക വിദഗ്ദർ തുടങ്ങിയവർ പങ്കെടുക്കും.ക്ഷീരോൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യം വച്ച് കൊണ്ടുള്ള വികസന സെമിനാറും നടക്കും.വാർത്താസമ്മേളനത്തിൽ രാജശ്രീ കെ.മേനോൻ(ഡെപ്യൂട്ടി ഡയറക്ടർ),എൻ.ബിന്ദു (അസി.ഡയറക്ടർ)എം.നാണു,പി.സുരേഷ് ബാബു,ബിനു സുധാകരൻ എന്നിവർ സംബന്ധിച്ചു.