കണ്ണൂർ: പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്തുയരുന്ന പ്രതിഷേധത്തെ മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാകിസ്ഥാന്റെ പേരു പറഞ്ഞ് ബംഗളൂരുവിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഇതിനുദാഹരണമാണ്. സ്വന്തം നാട്ടിലെ ജനങ്ങളെ വിശ്വാസമില്ലാത്തിനാലാണ് എന്തു പറഞ്ഞാലും പാകിസ്ഥാന്റെ പേരു പറഞ്ഞ് മോദി വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നത്. യു.പി മുഖ്യമന്ത്രിയും മറ്റും ഇതേ വിഭജനതന്ത്രം പയറ്റുകയാണ്. പാകിസ്ഥാനെ കാണിച്ച് ഇന്ത്യക്കാരെ ഭയപ്പെടുത്താൻ നോക്കുന്നന്നതിനു പകരം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പ്രതിഷേധത്തിന് വില കല്പിച്ച് പൗരത്വ ഭേദഗതി നിയമം പിൻവലിക്കുകയാണ് മോദി ചെയ്യേണ്ടത്. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ സർക്കാരുകളോട് ഏറ്റുമുട്ടുന്ന ഗവർണർമാരെ നിയോഗിക്കുന്നത് ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനും ആശയക്കുഴപ്പമുണ്ടാക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും വേണുഗോപാൽ ആരോപിച്ചു. വി.എ. നാരായണൻ, സജീവ് മാറോളി, രാജീവൻ എളയാവൂർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.