ചെറുവത്തൂർ: മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാർഷികത്തിന്റെയും നാഷണൽ സർവീസ് സ്കീം രൂപീകരണത്തിന്റെ അമ്പതാം വാർഷികത്തിന്റെയും ഭാഗമായി കേരളത്തിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ അങ്കണവാടികളും പ്രൈമറി സ്‌കൂളുകളും കേന്ദ്രീകരിച്ചു നടപ്പിലാക്കിയ 'ശ്രേഷ്ഠ ബാല്യം' പ്രൊജക്റ്റ് മികച്ച നിലയിൽ നടപ്പിലാക്കിയ കാടങ്കോട് ഗവണ്മെന്റ് ഫിഷറീസ് വി.എച്ച്.എസിന് സംസ്ഥാന തല അംഗീകാരം.
കാടുപിടിച്ചു കിടന്നിരുന്ന കോമ്പൗണ്ട് വോളണ്ടിയർമാർ വെട്ടിത്തെളിച്ച്, സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭ്യമായ ഇരുന്നൂറിൽ പരം തേക്ക്, ഈട്ടി തൈകൾ വെച്ചു പിടിപ്പിച്ചു ഹരിതവത്കൃത കാമ്പസ് ഉണ്ടാക്കാൻ ശ്രമം തുടങ്ങി. കോമ്പൗണ്ടിൽ ഉണ്ടായിരുന്ന പൂന്തോട്ടം ശലഭങ്ങളെ ആകർഷിക്കാനുള്ള ശലഭോദ്യാനമാക്കി മെച്ചപ്പെടുത്തി. സ്കൂളിന്റെ ചുവരിൽ ആകർഷകമായ ചിത്രങ്ങളും ആശയങ്ങളും പെയിന്റ് ചെയ്തു. ക്ലാസ് തന്നെ ലൈബ്രറിയും ലാബും ആയി ഉപയോഗപ്പെടുത്തണമെന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് എല്ലാ ക്ലാസ്സ് മുറികളിലും പോർട്ട് ഫോളിയോ ഡിസ്‌പ്ലേ സംവിധാനം ഒരുക്കി തുടങ്ങിയ പ്രവർത്തനങ്ങൾ മാനിച്ചാണ് അംഗീകാരം.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.ടി. ജലീലിൽ നിന്ന് വി.എച്ച്.എസ്.സി പ്രിൻസിപ്പൽ വി.കെ .രാജേഷും സ്റ്റാഫ് സെക്രട്ടറി എം.പി .മനോജനും ചേർന്നു ഉപഹാരം സ്വീകരിച്ചു.