കാസർകോട്: കിഫ്ബിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രദർശന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കാസർകോട് 28ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ജില്ലയിലും സംസ്ഥാനത്തും നടത്തി വരുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പ്രദർശനം വെർച്വൽ റിയാലിറ്റിയടക്കമുള്ള സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വിവിധ വിഷയങ്ങളിൽ സെമിനാർ, സാംസ്‌കാരിക പരിപാടികൾ, മത്സരങ്ങളുമുണ്ടാവും. മുപ്പത് വയസു വരെയുള്ള യൂവജനങ്ങൾക്ക് ജില്ലയ്ക്ക് വേണ്ടിയുള്ള വികസന സ്വപ്നങ്ങൾ പങ്ക് വെക്കാൻ പ്രത്യേക അവസരവും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സംസ്ഥാന മന്ത്രിമാർ, വകുപ്പ് മേധാവികൾ, വിവിധ മേഖലയിലെ വിദഗ്ധർ അടിസ്ഥാന വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.

പരിപാടിയുടെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ സംഘാടക സമിതി ചെയർമാനും ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു ജനറൽ കൺവീനറുമാണ്. എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷധികാരികളാണ്. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ചു.