മട്ടന്നൂർ: മട്ടന്നൂർ നഗരസഭയും കുടുംബശ്രീയും സംഘടിപ്പിക്കുന്ന 'ഉയരെ' കുടുംബശ്രീ മേള ഇന്നു മുതൽ ഏഴു വരെ നടക്കും.
ഇന്നു രാവിലെ ഒമ്പതിന് മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപം മന്ത്രി ഇ.പി. ജയരാജൻ മേള ഉദ്ഘാടനം ചെയ്യും. തൊഴിൽമേള കിയാൽ എം.ഡി. വി. തുളസീദാസും ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യമേള കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ ഡോ. സുർജിതും ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ഫോക്‌ലോർ അക്കാഡമിയും ഇശൽ തലശ്ശേരിയും അവതരിപ്പിക്കുന്ന മൂസ്സക്ക നൈറ്റ്-ഇശൽ സന്ധ്യ അരങ്ങേറും.
നാളെ രാവിലെ ഒമ്പതിന് വയോജന സംഗമം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ആറിന് കുടുംബശ്രീയുടെ 111 സംരംഭങ്ങളുടെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ഹരികിഷോർ ഉദ്ഘാടനം ചെയ്യും. ഏഴിന് ഉച്ചയ്ക്ക് രണ്ടിന് നഗരസഭയിലെ പി.എം.എ.വൈ. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച 290 കുടുംബങ്ങളുടെ സംഗമവും 20 വകുപ്പുകൾ പങ്കെടുക്കുന്ന അദാലത്തും നടക്കും. ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ നിർമിച്ചു നൽകുന്ന രണ്ടാമത്തെ സ്‌നേഹവീടിന്റെ താക്കോൽദാനവും നടക്കും. സമാപന സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നൃത്തസംഗീത വിരുന്ന്, കളരിപ്രദർശനം, കലാപരിപാടികൾ എന്നിവയും നടക്കും.