കണ്ണൂർ: കാർഷിക ബന്ധ ബിൽ തകർക്കാൻ ശ്രമിച്ചവരുടെ പേര് ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാർഷികത്തിൽ താൻ എടുത്ത് പറയാതിരുന്നത് അവരെ ആക്ഷേപിക്കേണ്ടതില്ലെന്ന ഔചിത്യബോധം കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഭൂപരിഷ്കരണ നേട്ടങ്ങളെക്കുറിച്ച് പറയുന്നതിനിടെ സി. അച്ചുതമേനോന്റെ പേര് താൻ മനഃപൂർവം ഒഴിവാക്കിയെന്ന സി.പി.ഐയുടെ വിമർശനത്തിന് കർഷകത്തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന്റെ സമാപന യോഗത്തിൽ മറുപടി പറയുകയായിരുന്നു പിണറായി.
എനിക്കെന്തോ മഹാപരാധം സംഭവിച്ചെന്ന നിലയിൽ ചിലർ പറയുന്നത് ചരിത്രത്തെക്കുറിച്ചു നിശ്ചയമില്ലാത്തത് കൊണ്ടാണ്. എന്തായിരുന്നു നമ്മുടെ നാട്, എങ്ങനെയാണ് നമുക്കെല്ലാം അഭിമാനിക്കാവുന്ന നാടായി അതു മാറിയത്? ആ ചരിത്രം മനസിലാക്കിയാൽ ഇത്തരമൊരാക്ഷേപം ഉന്നയിക്കാൻ കഴിയില്ല. ഔദ്യോഗിക പരിപാടിയായിരുന്നു. എല്ലാവരുമുള്ള പരിപാടിയിൽ എന്റെ പാർട്ടിയുടെ പ്രശ്‌നം അവതരിപ്പിക്കേണ്ടതില്ലെന്നു കരുതി. ഭൂപരിഷ്‌കരണ നിയമവും അതിനു മുമ്പ് കാർഷിക ബന്ധ നിയമവും പാസാക്കിയ സർക്കാരുകൾക്ക് നേതൃത്വം നൽകിയത് ഇ.എം.എസാണ്. രണ്ടു സർക്കാരിലും റവന്യു മന്ത്രി ഗൗരി അമ്മയായിരുന്നു. പ്രസംഗത്തിൽ ഈ പേരുകൾ കടന്നുവന്നു.
ചിലരെ വിട്ടുകളഞ്ഞെന്നത് നേരാണ്. അവരെ പേരു പറഞ്ഞ് ആക്ഷേപിക്കാൻ നിന്നില്ല. അത് എന്റെ ഔചിത്യബോധം. ഇപ്പോൾ ഇരിക്കുന്ന സ്ഥാനത്തിരുന്ന് മറ്റുള്ളവർക്ക് മുറിവേൽപ്പിക്കുന്ന തരത്തിൽ സംസാരം വേണ്ടെന്നു വച്ചതാണ്. അത് മനസിലാക്കാനുള്ള വിവേകം ആക്ഷേപം പ്രചരിപ്പിച്ചവർക്കില്ലാത്തതിൽ പരിതപിക്കുന്നു.
കാർഷിക ബന്ധനിയമം കൊണ്ടുവന്ന 1957ലെ ഇ.എം.എസ് ഗവൺമെന്റിനെ കേന്ദ്രം പിരിച്ചുവിട്ടു. 59ലാണ് ഭൂപരിഷ്‌കരണ നിയമം അവതരിപ്പിച്ചത്. അതിനുശേഷം '67 വരെയുള്ള സർക്കാരുകൾ നിയമത്തിൽ കൃഷിക്കാർക്ക് അനുകൂലമായ വ്യവസ്ഥകളെല്ലാം തിരുത്തി. ഭൂവുടമകളുടെ താത്പര്യം സംരക്ഷിക്കുന്ന നിലയിൽ മാറ്റങ്ങൾ വരുത്തി. അറുപതു ശതമാനം മിച്ചഭൂമിയും ഇഷ്ടദാന പ്രകാരം കൈമാറ്റം ചെയ്യപ്പെട്ടു. പഴയ വ്യവസ്ഥകൾ വീണ്ടും ഉൾപ്പെടുത്തിയാണ് '67ലെ സർക്കാർ വീണ്ടും ഭൂപരിഷ്‌കരണ ബിൽ അവതരിപ്പിച്ചത്. അതു പാസാക്കിയ ശേഷം രണ്ടാം ഇ.എം.എസ് സർക്കാരിനും ഇറങ്ങിപ്പോകേണ്ടിവന്നു.
പാസാക്കിയ നിയമം നടപ്പാക്കുന്നതിനായി എ.കെ.ജിയുടെ നേതൃത്വത്തിൽ ഐതിഹാസിക സമരം നടന്നു. ഭൂമി മുഴുവൻ കൈമാറ്റം ചെയ്യപ്പെട്ടിരുന്നതിനാൽ മിച്ചഭൂമി ഇല്ലെന്നാണ് പുതിയ സർക്കാർ പറഞ്ഞത്. മിച്ചഭൂമി കാണിച്ചു കൊടുക്കുന്നതിന് എ.കെ.ജി നടത്തിയ പ്രക്ഷോഭവും മുടവൻമുകൾ കൊട്ടാരത്തിലുൾപ്പെടെ നടന്ന കുടികിടപ്പുസമരവും ചരിത്രത്തിന്റെ ഭാഗമാണ്. ഈ ചരിത്രം പുതുതലമുറ ശരിയായി ഉൾക്കൊള്ളണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ - മുഖ്യമന്ത്രി പറഞ്ഞു.