civil-suplies

കണ്ണൂർ: റേഷൻ ഗോഡൗണുകളിലും മറ്റും നടക്കുന്ന ഇടപാടുകൾ പരിശോധിക്കാൻ സി.സി.ടി.വി സ്ഥാപിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ അമ്പതാം സംസ്ഥാന സമ്മേളനം കണ്ണൂർ ചേംബർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോഡൗണുകളിൽ നിന്ന് കടകളിലേക്ക് കൊണ്ടുപോകുന്ന ഭക്ഷ്യധാന്യങ്ങളിൽ തൂക്കത്തിൽ കുറവ് വരുന്നുണ്ടെന്ന ആരോപണമുയരുന്നുണ്ട്. കുറ്റം ചെയ്യുന്ന ഉദ്യോഗസ്ഥർ ആരാണെങ്കിലും, ഏത് സംഘടനക്കാരനാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും. പരാതിയിൽ കുറച്ചൊക്കെ അതിശയോക്തിയുണ്ടെങ്കിലും അളവ് കുറയുന്നുവെന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ട് ഭക്ഷ്യധാന്യങ്ങളുടെ ട്രാൻസ്‌പോർട്ടേഷൻ സുതാര്യതയോടെ നടപ്പാക്കാൻ ശ്രമം നടത്തും-മന്ത്രി പറഞ്ഞു.

റേഷൻ കാർഡ് ഇ കാർഡാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഏറെ കാലത്തിന് ശേഷമാണ് റേഷൻ കാർഡ് പുതുക്കി നൽകാൻ കഴിഞ്ഞത്. 86 ലക്ഷം പേർക്കാണ് കാർഡ് പുതുക്കി നൽകിയത്. മുൻഗണനാ പട്ടിക കുറ്റമറ്റ രീതിയിൽ നവീകരിക്കാൻ കഴിഞ്ഞു. ഇനിയും കുറച്ചുപേരെയെങ്കിലും ഒഴിവാക്കാൻ കഴിയും.

സംസ്ഥാന പ്രസിഡന്റ് എ. ജോൺസൺ അദ്ധ്യക്ഷതവഹിച്ചു. മേയർ സുമാബാലകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. മൂസ, സി.കെ. ആരിഫ്, എൻ.ടി. മുഹമ്മദ് ബഷീർ, സി.കെ. അനിൽ, സിജു കെ. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.