തളിപ്പറമ്പ്: ഒരു ടോയ് ലറ്റ് വേണ്ടിടത്ത് മൂന്നെണ്ണം നിർമ്മിച്ച ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന് ഒരു മാസത്തിനകം കിട്ടിയത് മാരക തിരിച്ചടി. സ്ഥാപിച്ച മൂന്ന് ഇ.ടോയ് ലറ്റുകളും ഒന്നിച്ച് അടച്ചിട്ട് പരിഹാസ്യമായിരിക്കുകയാണ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ഭരണസമിതി.

2015-16 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പരിയാരം മെഡിക്കൽ കോളജ് പരിസരത്ത് അടുത്തടുത്തായാണ് മൂന്ന് ഇ.ടോയ് ലറ്റുകൾ സ്ഥാപിച്ചത്. തൊട്ടടുത്ത് മൂന്നെണ്ണം സ്ഥാപിക്കുന്നതിനെതിരെ അന്നുതന്നെ മെഡിക്കൽ കോളജ് പരിസരത്തുള്ളവർ പഞ്ചായത്ത് ഭരണസമിതിയെ എതിരഭിപ്രായം അറിയിച്ചിരുന്നതാണ്..

കാമ്പസിൽ മൂന്ന് സ്ഥലത്തായി സ്ഥാപിക്കാനായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ ഇതൊക്കെ തള്ളിക്കളഞ്ഞ് 11.82,ലക്ഷം ചെലവഴിച്ച് പഞ്ചായത്ത് തങ്ങളുടെ തീരുമാനം നടപ്പാക്കി. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ മൂന്നെണ്ണവും കേടായി. പണം നഷ്ടപ്പെടുത്തി മടങ്ങിപ്പോകേണ്ടിവരുന്നവരുടെ പ്രാക്ക് വാങ്ങുകയാണ് ഭരണസമിതി.

പരാതി വ്യാപകമായതിനെ തുടർന്ന് ടോയ്‌ലറ്റുകൾ അടച്ചുപൂട്ടി. ആസൂത്രണവും ആലോചനയുമില്ലാതെ സ്ഥാപിച്ചതിനാലാണ് ഇത് ഇത്ര വേഗത്തിൽ കേടായതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ടോയ്‌ലറ്റ് ഉപയോഗിക്കാതിരുന്നത് കാരണമാണ് കേടായതെന്നാണ് ഇതിന്റെ എൻജിനീയർമാർ പറയുന്നത്. നാട്ടുകാർ പറഞ്ഞപോലെ ഒരു ടോയ് ലറ്റ് വേണ്ടിടത്ത് മൂന്നെണ്ണം നിർമ്മിച്ചതാണ് ഉപയോഗപ്രദമാകാത്തതിന് പിന്നിലെന്ന് ചുരുക്കം.

ശുചിമുറിയില്ലാതെ ദേശീയപാതയോരം

രോഗികളും കൂട്ടിരിപ്പുകാരും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും ടാക്സി , ഓട്ടോ തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകൾ ഇടപഴകുന്ന പരിയാരം ദേശീയപാതയോരത്ത് പക്ഷെ ഒരു ടോയ് ലറ്റ് സംവിധാനം പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. സ്ത്രീകളടക്കമുള്ളവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. മൂന്ന് ടോയ് ലറ്റുകളിൽ ഒന്നെങ്കിലും ഇവിടേക്ക് മാറ്റിയിരുന്നെങ്കിൽ ഉപയോഗിക്കാത്തതിനാൽ കേടാകുന്ന അവസ്ഥ ഒഴിവാകുമായിരുന്നു താനും.

മൂന്ന് ഇ ടോയ് ലറ്റിന് ചിലവ് -11.82 ലക്ഷം

ഉപയോഗിച്ചത് 1 മാസം