കാസർകോട്: പ്ലാറ്റ്ഫോമിനെ നെടുകെ മുറിച്ച് റോഡ് കടന്നു പോകുന്നുവെന്ന സവിശേഷത ഒരു ശാപമായി പേറി നടക്കുന്ന റെയിൽവെ സ്റ്റേഷനായ കോട്ടിക്കുളത്തോടുള്ള റെയിൽവേ അവഗണന തുടരുന്നു.

50 ൽ പരം ട്രെയിനുകളുടെ സഞ്ചാരത്തിനായി റോഡ് ഇടക്കിടെ അടച്ചിടുന്നതിന്റെ ദുരിതങ്ങൾ നാട്ടുകാർ അനുഭവിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഏറെ മുറവിളിക്കു ശേഷം മേൽപ്പാലമെന്ന നാട്ടുകാരുടെ ആവശ്യം റെയിൽവെ അംഗീകരിച്ചെങ്കിലും മെല്ലേപ്പോക്ക് തുടരുകയാണ്. ആദർശ് സ്റ്റേഷനാണെങ്കിലും പ്രാഥമിക അടിസ്ഥാന സൗകര്യം പോലുമില്ലെന്നാണ് യാത്രക്കാരുടെ പരാതി. പരശുറാം, ഏറനാട്‌ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിച്ചു കിട്ടാൻ നിവേദനങ്ങൾ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.

അഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരേ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം കരിപ്പോടി പ്രാദേശിക സമിതി പ്രക്ഷോഭത്തിനിറങ്ങുകയാണ്. പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി ഏകദിന ഉപവാസം 10 ന് പാലക്കുന്ന് ടൗണിൽ നടത്തും. രാവിലെ 9.30 ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്‌ഘാടനം ചെയ്യും. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഉദുമ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദലി, വാർഡ് അംഗങ്ങൾ, ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർക്ക് പുറമെ വിവിധ ആരാധനാലയ കമ്മിറ്റികളുടെയും വ്യാപാരി വ്യവസായ സമിതികളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികളും പങ്കെടുക്കും. വൈകുന്നേരം 4.30ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പൂജാരിയും ആചാര സ്ഥാനികരും നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിക്കും