തളിപ്പറമ്പ്: തലോറ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ജനുവരി 7,8,9,10 തീയ്യതികളിൽ നടക്കും. ഡിസംബർ 31 ചൊവ്വാഴ്ച്ച വരച്ചുവെക്കൽ ചടങ്ങ്. അരങ്ങിൽ അടിയന്തിരം, കോലധാരിയെ നിശ്ച്ചയിക്കൽ തുടർന്ന് അന്നദാനവും നടന്നു.
തലോറ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പത്തു വർഷങ്ങൾക്കു ശേഷം നടക്കുന്ന കളിയാട്ടത്തിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയേറ്റാൻ നിയോഗം ലഭിച്ചത് കുഞ്ഞിമംഗലം സ്വദേശി സജീവൻ പെരുവണ്ണാനാണ്.
ജനുവരി 5ന് ഞായറാഴ്ച്ച വെക്കുന്നേരം 5 ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിർഭരമായ ഘോഷയാത്രയോടെ കലവറ നിറക്കൽ നടക്കും.

കളിയാട്ടത്തിന്റെ ഒന്നാമത്തെ ദിവസമായ ജനുവരി ഏഴിന് രാവിലെ 8ന് ഗണപതി ഹോമം, 9 ന് കലശം കുളി, ദീപവും തിരിയും കൊണ്ടുവരൽ, ഉച്ചക്ക് 2 ന് കളിയാട്ടം ആരംഭം മുച്ചിലോട്ട് ഭഗവതി തോറ്റം, അരങ്ങിൽ അടിയന്തിരം, തെയ്യാട്ടം, വൈകിട്ട് അന്നദാനം
രാത്രി 8 മുതൽ നൃത്ത നൃത്യങ്ങൾ അരങ്ങേറും.ജനുവരി 8 ന് വിവിധ തെയ്യങ്ങളുടെ പുറപ്പാട്, തോറ്റം, വെള്ളാട്ടം, അന്നദാനം നടക്കും. രാത്രി 8.30 മുതൽ നാടൻ കലാമേള. ജനുവരി 9ന് വിവിധ തെയ്യങ്ങളുടെ പുറപ്പാട്, തോറ്റം, വെള്ളാട്ടം, അന്നദാനം നടക്കും. ജനുവരി 10 ന് പുലിയൂർ കണ്ണൻ ദൈവത്തിന്റെ പുറപ്പാട്, കൊടിയില തോറ്റം,മേലേരി അഗ്‌നി പകരൽ, നരമ്പിൽ ഭഗവതി പുറപ്പാട്, കണ്ണങ്കാട്ട് ഭഗവതി, പുലിയൂർ കാളി ഭഗവതി, വിഷ്ണു മൂർത്തിയുടെ പുറപ്പാട്. മേലേരി കൈയ്യേൽക്ക. ഉച്ചക്ക് 2 ന് ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. കളിയാട്ട ദിവസങ്ങളിൽ രണ്ട് നേരവും അന്നദാനം ഉണ്ടായിരിക്കും.