മട്ടന്നൂർ:കേരളത്തിൽ സ്ത്രീ സമൂഹത്തിന്റെ മുന്നേറ്റം സാധ്യമാക്കിയതിൽ കുടുംബശ്രീയുടെ പങ്ക് വലുതാണെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജൻ. മട്ടന്നൂരിൽ കുടുംബശ്രീ മേള 'ഉയരെ ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്ത്രീകൾ വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും കുറവാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി മോശമാണെന്നും മന്ത്രി പറഞ്ഞു. സരസ് മേളയുടെ മാതൃകയിൽ മട്ടന്നൂരിലും വൻകിട മേള സംഘടിപ്പിക്കണമെന്നു അദ്ദേഹം പറഞ്ഞു.
തൊഴിൽമേള കിയാൽ എംഡി വി തുളസീദാസ് ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് മേള. നഗരസഭ ചെയർമാൻ അനിത വേണു അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യമേള കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. സുർജിത് ഉദ്ഘാടനം ചെയ്തു. അഞ്ചിന് രാവിലെ ഒമ്പതിന് വയോജന സംഗമം ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ആറിന് കുടുംബശ്രീയുടെ 111 സംരംഭങ്ങളുടെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ഹരികിഷോർ ഉദ്ഘാടനം ചെയ്യും. കളക്ടർ ടി വി സുഭാഷ് അദ്ധ്യക്ഷത വഹിക്കും. ഏഴിന് പകൽ രണ്ടിന് നഗരസഭയിൽ പി.എം.എ.വൈ, ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച 290 കുടുംബങ്ങളുടെ സംഗമവും 20 വകുപ്പുകൾ പങ്കെടുക്കുന്ന അദാലത്തും നടക്കും. ടി. വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ നിർമ്മിച്ച രണ്ടാമത്തെ സ്‌നേഹവീടിന്റെ താക്കോൽദാനവും നടക്കും. സമാപന സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മട്ടന്നൂരിൽ കുടുംബശ്രീ മേള 'ഉയരെ ' മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു