തലശ്ശേരി: അണ്ടലൂരിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയതായി പരാതി. ഇരുപത്തിയൊന്ന് പവൻ സ്വർണ്ണാഭരണങ്ങളും വില കൂടിയ വിദേശമദ്യവും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. അണ്ടലൂർ കാവിനടുത്ത ശ്രേയസ് വീട്ടിലാണ് കവർച്ച നടന്നത്.ഗൾഫിലുള്ള വാഴയിൽ സുകുമാരന്റെ വീടാണിത്.

സുകുമാരന്റെ ഭാര്യ ടി.കെ. ശ്രീജയും രണ്ട് ആൺമക്കളും ബംഗളുരുവിലാണ് താമസം.മൂത്ത മകൻ സുമിത്ത് ബംഗളുരുവിൽ ഡോക്ടറായതിനാൽ ഇടയ്ക് മാത്രമേ കുടുംബം അണ്ടലൂരിലെ വീട്ടിൽ വരാറുള്ളൂ. രണ്ടാഴ്ച മുൻപ് ഒരു കല്യാണത്തിന്ന് വന്ന് തിരികെ പോയതായിരുന്നു. ഇന്നലെ വൈകിട്ട് വീണ്ടും എത്തിയപ്പോഴാണ് കവർച്ച നടന്നതായി കാണപ്പെട്ടത്. അടുക്കള വാതിൽ കുത്തി തുറന്നുവച്ച നിലയിലാണ്. ജനൽ വഴിയാണ് മോഷ്ടാവ് അകത്ത് കയറിയതെന്നാണ് സൂചന. കിടപ്പുമുറിയിലെ അലമാര തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട് തിരച്ചിൽ നടത്തിയിട്ടുണ്ട് ഷെൽഫിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ധർമ്മടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി.