കാഞ്ഞങ്ങാട്: ബസ് സ്റ്റാൻഡിൽ പൊരിവെയിലിൽ ബസ് കാത്തുനിൽക്കുന്നവർക്ക് ആശ്വാസമേകാൻ കാത്തിരിപ്പുകേന്ദം സ്ഥാപിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് കെ.എസ്.ടി.പി.

സ്റ്റാൻഡിനു സമീപം റോഡിനു പടിഞ്ഞാറു ഭാഗം ബസ് കാത്തുനിൽക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നടപ്പാതയിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിലാണ് ബസ് കാത്തുനിൽക്കുന്നത്. കെ.എസ്.ടി.പി. റോഡ് പണി പൂർത്തിയായിട്ടും ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനെ കുറിച്ച് കഴിഞ്ഞദിവസം കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ.എസ്.ടി.പി അധികൃതർ.

കോട്ടച്ചേരി ബസ് സ്റ്റാൻഡിന് അല്പം വടക്കുമാറി പെട്രോൾ പമ്പിനടുത്ത് ബസ് കാത്തിരിപ്പു കേന്ദ്രം പണിയണമെന്ന് നഗരസഭ നിർദ്ദേശിച്ചിരുന്നു. അതുപ്രകാരം നടപടി തുടങ്ങിയപ്പോൾ പെട്രോൾ പമ്പുകാർ കോടതിയെ സമീപിച്ചു. അതോടെ'ആ പദ്ധതി ഉപേക്ഷിച്ചു. കോട്ടച്ചേരിക്കുപുറമെ കാഞ്ഞങ്ങാട് സൗത്തിലും ബസ് കാത്തിരിപ്പ് കേന്ദ്രം പണിയണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. അവിടെ റോഡിന്റെ രണ്ടു ഭാഗത്തും ഷെൽട്ടറുകൾ തുറന്നിട്ടുമുണ്ട്.