പയ്യന്നൂർ: ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരങ്ങൾ ഒരുമിച്ച് കളിക്കാനിറങ്ങിയത്. പയ്യന്നൂരിലെ ഫുട്‌ബോൾ പ്രേമികൾക്ക് മറക്കാനാകാത്ത അനുഭവമായി. പയ്യന്നൂർ ഫുട്‌ബോൾ അക്കാദമി ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോൾ മത്സരത്തിനാണ് താരങ്ങൾ പയ്യന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത് പ്രത്യേകമായി ഒരുക്കിയ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആവേശം തീർത്തത്.
ഇന്ത്യയുടെ ഫുട്ബാൾ മാന്ത്രികൻ ഐ.എം. വിജയൻ, പ്രതിരോധ നിരയിലും, മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങിയ ഔൾ റൗണ്ടർ ജോപോൾ അഞ്ചേരി, കാസർകോടിന്റെ ആദ്യ ഇന്റർനാഷണൽ ഫുട്ബാളർ എം. സുരേഷ്, ഇന്ത്യയുടെ ഏറ്റവും മികച്ച എയർബാൾ സ്‌പെഷലിസ്റ്റ്, കണ്ണൂർക്കാരൻ ഇന്റർനാഷണൽ വി.പി. ഷാജി, മറ്റൊരു കണ്ണൂർക്കാരൻ കെ.വി. ധനേഷ്, 2007 ലെ നെഹ്രു കപ്പ് സമ്മാനിച്ച എൻ.പി.പ്രദീപ്, ഇന്ത്യൻ താരം അജയൻ, ആസിഫ് സഹീർ, രണ്ട് തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട കണ്ണൂരിന്റെ അഭിമാനതാരം കെ.ബിനീഷ് തുടങ്ങിയവരാണ് സെലിബ്രിറ്റി മത്സരത്തിൽ മാറ്റുരക്കാൻ ഗ്രൗണ്ടിലിറങ്ങിയത്.
ഐ.എം.വിജയൻ,ജോപോൾ അഞ്ചേരി എന്നിവർ ക്യാപ്റ്റൺമാരായുള്ള ഇരു ടീമുകളിലായാണ് ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങൾ പയ്യന്നൂരിൽ മത്സരത്തിനിറങ്ങിയത്. കായിക വകുപ്പു മന്ത്രി ഇ.പി. ജയരാജൻ മത്സരം ഉദ്ഘാടനം ചെയ്യ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി ചെയർമാൻ ടി.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ടി.ഐ മധുസൂദനൻ, അഡ്വ. പി.സന്തോഷ് ,
കെ.പി. മധു തുടങ്ങിയവർ സംസാരിച്ചു.