health

നടുവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. ചിലപ്പോൾ ചെറിയ വേദനയായിരിക്കാം. ദൈനംദിന കാര്യങ്ങളിൽ ഇത് ബുദ്ധിമുട്ടിക്കുന്നില്ലെങ്കിൽ വേദനയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന് മാത്രം. പലവിധ കാരണങ്ങൾ കൊണ്ടാണ് നടുവേദനയുണ്ടാകുന്നത്. ശരീരഭാരത്തെ താങ്ങിനിറുത്തുന്ന നട്ടെല്ലിലെ താഴ്ഭാഗത്തുള്ള എല്ലുകൾക്ക് ഉണ്ടാകുന്ന ക്ഷതം,​ അവയുടെ തേയ്മാനം,​ അതുമൂലം ഞരമ്പുകൾക്ക് ഉണ്ടാകുന്ന ക്ഷതം ഇവയെല്ലാം നടുവേദനയുടെ കാരണങ്ങൾ ആകാം.

അതുപോലെ നടുഭാഗത്തെ മാംസപേശികൾക്ക് ഉണ്ടാകുന്ന നീർക്കെട്ടും മാംസപേശികളിലെ ക്ഷതവും നടുവേദനയുണ്ടാക്കും. നട്ടെല്ലിന് പുറമേ ശ്രോണിഭാഗത്തുള്ള എല്ലുകളിലും ശ്രോണി സന്ധികളിലും ഉണ്ടാകുന്ന ക്ഷതങ്ങളും നടുവേദനയിൽ കലാശിക്കാം.
നടുവേദനയ്ക്ക് നമ്മുടെ ജോലികളുമായി നല്ല ബന്ധമുണ്ട്. നാം യാത്ര ചെയ്യുന്ന വാഹനം, ഇരുന്ന് ജോലി ചെയ്യുന്ന ഇരിപ്പിടം, നിന്നാണ് ജോലി ചെയ്യുന്നതെങ്കിൽ അതിലെ പ്രശ്‌നങ്ങൾ.. ഇതെല്ലാം കൊണ്ടും നടുവേദനയുണ്ടാകാം.
നല്ലഭാരം ചുമന്ന് എഴുന്നേൽക്കുന്നവർക്കും, തലച്ചുമട് എടുക്കുന്നവർക്കും നടുവേദന വരാൻ സാദ്ധ്യത കൂടുതലാണ്. ഉയരങ്ങളിൽ നിന്നുള്ള വീഴ്ച,​ പടവുകളിൽ നിന്നുള്ള വീഴ്ച,​ വഴുതിയുള്ള വീഴ്ച ഇവയൊക്കെ പിന്നീട് നടുവേദനയുണ്ടാക്കിയേക്കും..
സ്ഥിരമായി മലബന്ധമുള്ള ആളുകളിലും ആർത്തവത്തിന് മുമ്പായി സ്ത്രീകളിലും പ്രസവം കഴിഞ്ഞ സ്ത്രീകളിലും നടുവേദന സാധാരണയായി കണ്ടുവരാറുണ്ട്. കാരണങ്ങൾ കണ്ടെത്തി ഉചിതമായ ചികിത്സയിലൂടെ നടുവേദനയ്ക്ക് പരിഹാരം കാണാം. നടുവേദനയുടെ കാരണങ്ങൾ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യകൾ ഇക്കാലത്ത് ലഭ്യമാണ്. എങ്കിലും ചില നടുവേദനകൾ മരുന്നുകൾ കൊണ്ട് പൂർണമായി മാറില്ല. ജീവിതശൈലിയിൽ മാറ്റംവരുത്തി മാത്രമേ ഇവ നിയന്ത്രിക്കാനാകൂ.

ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം,
അസി. പ്രൊഫസർ,
PNNM ആയുർവേദ
മെഡിക്കൽ കോളേജ്,
ചെറുതുരുത്തി, തൃശൂർ

ഫോൺ: 9809336870.