maoist

കാസർകോട്: വടക്കൻ കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത പാലിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജില്ലയിലെത്തിയതായും സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. കർണാടക, ആന്ധ്ര മേഖലകളിൽ നിന്ന് വയനാട് വഴി മാവോയിസ്റ്റ് സംഘം ജില്ലയിലെത്തിയെന്നാണ് റിപ്പോർട്ട്.

അതിർത്തി വനമേഖലകളോടു ചേർന്നുള്ള പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മാവോയിസ്‌റ്റ് സാന്നിധ്യമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ചീമേനി, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, രാജപുരം, അമ്പലത്തറ, ബേഡഡുക്ക, ആദൂർ, ബദിയടുക്ക, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ അതിർത്തികളിലാണ് ജാഗ്രതാ നിർദേശം നൽകിയത്.

മാവോയിസ്റ്റുകൾക്ക് നിർദ്ദേശം നൽകാനായി മുരളി കണ്ണമ്പള്ളി ജില്ലയിൽ എത്തിയതായി മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്തുടർന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയെ ചെറുക്കാൻ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തിച്ചു വരുന്നുണ്ട്. മലയോര - അതിർത്തി മേഖലകളാണ് മാവോയിസ്റ്റുകളുടെ താവളമെന്നാണ് സൂചന. അതേസമയം കർണാടകയിൽ നിന്ന് നുഴഞ്ഞ് കയറി ഒളിസങ്കേതങ്ങളിൽ കഴിയുന്ന ഒരു സംഘം അക്രമത്തിന് കോപ്പുകൂട്ടുന്നതായും വിവരമുണ്ട്.