കളക്ടറേറ്റിൽ അദാലത്ത് ഇന്ന്
കണ്ണൂർ : തീരദേശ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തയാറാക്കിയ പട്ടികയിൽ 2200 കെട്ടിടങ്ങളാണ് കണ്ണൂർ ജില്ലയിൽ മാത്രം പൊളിക്കാൻ കാത്ത് കഴിയുന്നത്. വീടും വ്യാപാര സ്ഥാപനങ്ങളും ഈ പട്ടികയിൽ പെടും. പിറന്ന മണ്ണ് വിട്ട് തങ്ങൾ ഇനി എങ്ങോട്ട് പോകണമെന്നാണ് ഇവർ ചോദിക്കുന്നത്.നാറാത്ത് പഞ്ചായത്തിലെ തീരദേശത്തെ 88 വീടുകളുടെ പട്ടികയുമായി ബന്ധപ്പെട്ട പരാതിയിൽ സെക്രട്ടറി വീണ്ടും അളവ് നടത്തിയിരുന്നു. 29 വീടുകളുടെ അളവ് നടത്തിയപ്പോൾ മുഴുവനും തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
റേഷൻ കാർഡും വൈദ്യുതി കണക്‌ഷനും ഉണ്ടായിട്ടും..
തീരദേശ നിയമം പ്രാബല്യത്തിൽ വന്നത് മുതൽ പഞ്ചായത്തിൽ അപേക്ഷ നൽകി താത്കാലിക കെട്ടിട നമ്പർ ലഭിക്കുകയും അതു വഴി റേഷൻ കാർഡ്, വൈദ്യുതി, ശുദ്ധജലകണക്‌ഷൻ എന്നിവ ഇവർക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും തങ്ങളെ ഈ ഭൂമിയിൽ നിന്ന് എങ്ങോട്ടാണ് പറഞ്ഞയക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. അതേ സമയം കൃത്യമായ പരിശോധന നടത്താതെയാണ് ഉദ്യോഗസ്ഥർ പട്ടിക തയാറാക്കിയതെന്ന ആരോപണമാണ് നിലവിലുള്ളത്.
മരട് ഫ്ളാറ്റ് വിധിയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നിർദേശിച്ച ഉദ്യോഗസ്ഥനാണ് സ്ഥലം അളന്നത്. പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10ന് കണ്ണൂർ കളക്ടറേറ്റിൽ അദാലത്ത് വിളിച്ചു ചേർത്തിട്ടുണ്ട്.
പഞ്ചായത്ത് അധികൃതരെയോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയോ വിവരമറിയിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും ആരോപണമുണ്ട്. നിർധന കുടുംബങ്ങൾ താമസിക്കുന്ന വീടുകൾ അനധികൃത നിയമലംഘന പരിധിയിൽപ്പെടുത്തി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭവുമായി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
മുഴപ്പിലങ്ങാട്ട് മാത്രം 182 കുടുംബങ്ങൾ:
മുഴപ്പിലങ്ങാട് തീരദേശത്ത് താമസിക്കുന്ന 182കുടുംബങ്ങളാണ് ഭീഷണിയുടെ നിഴലിൽ കഴിയുന്നത്.എന്നാൽ ഇപ്പോൾ മരട് ഫ്ളാറ്റ് വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യാതൊരു മുന്നറിയിപ്പും ഇവർക്ക് നൽകിയിരുന്നില്ല.തീരദേശം സ്ഥിതിചെയ്യുന്ന പഞ്ചായത്ത് അധികൃതരെയോ രാഷ്ട്രീയപാർട്ടികളെയോ പോലും അറിയിക്കാതെയാണ് പട്ടിക ഉണ്ടാക്കിയത്.
ചില പ്രദേശങ്ങളിൽ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന പ്രചരണവും വ്യാപകമാണ്. ഇതുവരെയുള്ള മുഴുവൻ സമ്പാദ്യവും കൊണ്ടുണ്ടാക്കിയ വീടുകളിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് താങ്ങാൻ പറ്റാത്തതാണെന്നും എവിടേക്ക് പോകണമെന്ന് പോലും അറിയില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. കുടിയൊഴിപ്പിക്കൽ നടപടിയിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും അനധികൃതമെന്ന് കാണിച്ച് പ്രസിദ്ധീകരിച്ച ലിസ്റ്റ് റദ്ദ്‌ചെയ്യണമെന്നുമാണ് വിവിധ സംഘടനകളുടെ ആവശ്യം.