നഗരസഭ ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ
സെക്രട്ടറിയില്ലാത്തത് പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നു
സെക്രട്ടറിയുടെ ചുമതല സൂപ്രണ്ടിന് നൽകിയിട്ടുണ്ടെങ്കിലും രണ്ടു പണിയും കൂടി
ഒരാൾക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയും
നീലേശ്വരം: നഗരസഭയിൽ സെക്രട്ടറിയില്ലാതായിട്ട് മാസം ഒന്നു കഴിഞ്ഞു. നിലവിലുണ്ടായിരുന്ന സെക്രട്ടറി ടി. മനോജ് കുമാർ ഒരുമാസം മുമ്പ് സ്ഥലം മാറിയെങ്കിലും ഇതു വരെയും പകരം നിയമനമായിട്ടില്ല. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടു മാസം മാത്രം ബാക്കിനിൽക്കെ പുതിയ പദ്ധതി നിർവ്വഹണം ഉൾപ്പെടെ തീരുമാനമാകേണ്ടതുണ്ട്. കൂടാതെ വാർഡ് വിഭജനം, വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കൽ തുടങ്ങിയ ജോലികളും എത്രയും പെട്ടെന്ന് തീർക്കേണ്ടതുണ്ട്. നിലവിലുള്ള നഗരസഭ ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സെക്രട്ടറിയുടെ അഭാവം പല പദ്ധതികൾക്കും വിലങ്ങുതടിയാകുകയാണ്.
സെക്രട്ടറിയുടെ ചുമതല സൂപ്രണ്ടിന് നൽകിയിട്ടുണ്ടെങ്കിലും രണ്ടു പണിയും കൂടി ഒരാൾക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. സെക്രട്ടറി സംബന്ധിക്കേണ്ട യോഗങ്ങളിലും സൂപ്രണ്ട് പങ്കെടുക്കേണ്ടതുണ്ട്. കളക്ടർ വിളിക്കുന്ന യോഗങ്ങൾ, പഞ്ചായത്ത് ഡയരക്ടർ വിളിക്കുന്ന യോഗങ്ങൾ എന്നിവിടങ്ങളിലും സെക്രട്ടറിക്ക് പകരം സൂപ്രണ്ടാണ് പങ്കെടുക്കുന്നത്. ഇത്തരം ദിവസങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് നഗരസഭ ഓഫീസിൽ വരുന്നവർ തിരിച്ചുപോകേണ്ട അവസ്ഥയിലാണ്.നഗരസഭ ഓഫീസിലെ വിവിധ സബ് കമ്മിറ്റി യോഗങ്ങളിലും സെക്രട്ടറിയില്ലാത്തതിനാൽ സൂപ്രണ്ട് പങ്കെടുക്കേണ്ടി വരുന്നുണ്ട്. ഇത് ഓഫീസ് പ്രവർത്തനത്തെയും ബാധിക്കുന്നു.
നഗരസഭ ഭരിക്കുന്നത് സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. നഗരവികസന വകുപ്പ് മന്ത്രിയും ഭരിക്കുന്ന പാർട്ടിയുടേതാണ്. എന്നിട്ടും നഗരസഭ സെക്രട്ടറി സ്ഥാനത്തേക്ക് നിയമനമാകാത്തതിൽ നാട്ടുകാർക്ക് മുറുമുറുപ്പുണ്ട്.