കണ്ണൂർ : ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം ജനകീയ ഉത്സവമാക്കാൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. 22ന് കളക്ടറേറ്റ് മൈതാനിയിലാണ് സംഗമം. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് കലാപരിപാടികളോടെ സംഗമം ആരംഭിക്കും. മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച കുടുംബങ്ങൾ, ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും ജനപ്രതിനിധികൾ, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് സംഗമത്തിൽ പങ്കെടുക്കേണ്ടത്.
ജില്ലയിൽ ലൈഫ് പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങൾ പൂർണതയിലെത്തുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഒന്നാം ഘട്ടത്തിൽ 96.79 ശതമാനവും രണ്ടാം ഘട്ടത്തിൽ 85 ശതമാനവും വീടുകൾ ഇതിനകം പൂർത്തീകരിച്ചു.
ലൈഫ് സംഗമം ജനകീയ ഉത്സവമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി കളക്ടറേറ്റ് മൈതാനിയിൽ വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പ്രദർശനവും ഒരുക്കും.
തദ്ദേശസ്ഥാപന തലത്തിലും ബ്ലോക്ക് തലത്തിലുമുള്ള സംഗമങ്ങൾ നടന്നുവരികയാണ്. ഈ സംഗമങ്ങൾ ജനുവരി 19നകം പൂർത്തിയാകും. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കളക്ടർ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, തൊഴിലുറപ്പ് പദ്ധതി ജോ. ഡയറക്ടർ കെ എം രാമകൃഷ്ണൻ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ. എ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.