കാസർകോട്: കാസർകോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലയായി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ ഒമ്പതിന് പ്രഖ്യാപിക്കും.
ജില്ലാ കളക്ടർ.ഡോ. ഡി. സജിത് ബാബുവിന്റെ പ്രത്യേക താൽപര്യ പ്രകാരം മുൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ മധു ജോർജ്ജ് മത്തായിയുടെ നേതൃത്വത്തിൽ ജില്ലയിലെ കൃഷിഭവനുകൾ മുഖേന തീവ്ര യജ്ഞ പരിപാടി സംഘടിപ്പിച്ചു. ഇതുവഴി ജില്ലയിൽ കൃഷി മുഖ്യ ഉപജീവനമാക്കിയ മുഴുവൻ പേർക്കും വിളകൾ യഥാസമയം ഇൻഷുർ ചെയ്യാൻ കഴിഞ്ഞു.
2017-18 വർഷം 6286 പേരും 2018-19 വർഷം 5061 പേരും അംഗത്വം നേടിയ പദ്ധതിയിൽ 2018-19 വർഷം നൂറു ശതമാനം ആളുകളും അംഗങ്ങളാവുകയായിരുന്നു. 1995 ലാണ് സംസ്ഥാനത്ത് വിള ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. 21 വർഷങ്ങൾക്ക് ശേഷം പരിഷ്‌കരിച്ച് കർഷകന്റെ നഷ്ടപരിഹാരത്തുക വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ ആനുപാതികമായി ഉയർത്തിയത് സർക്കാരിന്റെ നേട്ടമാണ്.
വിള ഇൻഷുറൻസ് പദ്ധതി
വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നീ പ്രകൃതിക്ഷോഭത്തിൽപെട്ട് ഏറെ ബുദ്ധിമുട്ടിലാക്കുന്ന കർഷകർക്ക് സർക്കാറിന്റെ ആശ്വാസമാണ് വിള ഇൻഷുറൻസ് പദ്ധതി. പദ്ധതിയിൽ ചേരുന്ന കർഷകർ സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പ്രീമിയം തുക അടയ്ക്കണം. പ്രീമിയം തുക അടച്ച ദിവസം മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.