തലശ്ശേരി: പഴയ ചട്ടമ്പിക്കല്യാണം നാടുനീങ്ങിയതോടെ തലശ്ശേരി മേഖലയിൽ രാഷ്ട്രീയക്കല്യാണം രംഗം ഏറ്റെടുത്തു. ഇപ്പോൾ ഈ മേഖലയിൽ വിവാഹ ചടങ്ങുകൾക്കും രാഷ്ട്രീയ നിറം നൽകുന്നത് സംഘർഷങ്ങൾക്ക് വഴിമരുന്നിടുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ കൊടികളേയും ചിഹ്നങ്ങളേയും ഓർമ്മിപ്പിക്കുന്ന അലങ്കാരങ്ങളും ബാനറുകളും ബോർഡുകളും ഗാനമേളകളിൽ ആലപിക്കുന്ന പാർട്ടിഗാനങ്ങളും താലികെട്ട് വേളകളിൽ പോലും അനുവർത്തിക്കുന്ന രാഷ്ട്രീയ ധ്വനികളുള്ള സംഘടിതമായ ആലാപനങ്ങളുമെല്ലാം അരോചകമാവുകയാണ്. ഇത് എതിർ വിഭാഗത്തിന് സഹിക്കാവുന്നതിനുമപ്പുറമാകുമ്പോൾ അവിടെ സംഘർഷം ഉടലെടുക്കുകയാണ്. കഴിഞ്ഞ ദിവസം ഈസ്റ്റ് പള്ളൂരിൽ വിവാഹ വീട്ടിൽ സംഘർഷമുണ്ടായപ്പോൾ പൊലീസിന് ഇടപെടേണ്ടിവന്നു. രംഗം ശാന്തമാകുന്നതുവരെ കല്യാണ വീട്ടുകാർക്ക് നിസ്സഹായരായി നിൽക്കാനേ കഴിഞ്ഞുള്ളൂ.
മുമ്പ് 'ചട്ടമ്പിക്കല്യാണ ' ങ്ങളാണ് നാടിന് തലവേദന സൃഷ്ടിച്ചിരുന്നത്. വിവാഹ മുഹൂർത്തങ്ങളിൽ ആഭാസ പ്രകടനങ്ങൾ നടത്തുകയും കല്യാണ വീടിന് പുറത്ത് നവ വരന്റെ പൂർവകാല ' ചരിത്രം 'പച്ചയായി എഴുതി വെക്കുകയും സോപ്പ് കുമിള പ്രയോഗം തൊട്ട് അസമയത്തുള്ള പടക്കം പൊട്ടിക്കലും, ദമ്പതിമാരെ പൊട്ടിയ വില്ലു പോയ കുട ചൂടിച്ച് ഗുഡ്‌സ് ഓട്ടോയിലും മറ്റും എഴുന്നള്ളിച്ച്, ഭരണിപ്പാട്ടുകൾ പാടി ആനയിക്കുന്ന രീതി വർദ്ധിച്ചു വന്നിരുന്നു.

നാട്ടിലെ ഉത്സവപ്പറമ്പുകളിൽ മാത്രമല്ല, വിവാഹ വീടുകളും പൊലീസുകാർക്ക് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന ഇടങ്ങളായി മാറുകയാണ്. വിവാഹത്തിനും പൊലീസിനെ നിയോഗിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിന്റെയൊക്കെ പിന്നിൽ ഉത്തേജനം പകരുന്നത് വിവാഹ വീട്ടിൽ കല്യാണത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ ആരംഭിക്കുന്ന 'ഓപ്പൺ ബാറു'കളാണ്. വിദ്യാർത്ഥികളടക്കമുള്ള കുട്ടിക്കുടിയന്മാർ രംഗത്തിറങ്ങുന്നത് ഇവിടെ വെച്ചാണ്.
വിശുദ്ധമായ വിവാഹ ചടങ്ങുകളിൽ പോലും രാഷ്ട്രീയ അതിപ്രസരമുണ്ടാകുന്നതും സാമൂഹ്യ അതിർ വരമ്പുകൾ ലംഘിക്കപ്പെടുന്നതും ജനങ്ങളിൽ ആശങ്കയും ഭീതിയും വളർത്തുകയാണ്.പൊലീസിനാകട്ടെ, പുതിയ തലവേദനയായി ഇത്തരം വിവാഹ ചടങ്ങുകൾ മാറുകയും ചെയ്യുന്നു.