കണ്ണൂർ: അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഫോർമാലിൻ ചേർത്ത വിഷമീൻ പിടികൂടിയെങ്കിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പെട്ടതുതന്നെ. തമിഴ്നാട്, ഗോവ, ഹൈദരബാദ് എന്നിവിടങ്ങളിൽ നിന്ന് ലോറികളിൽ കയറ്റി വരുന്ന മീൻ വിഷം കലർത്തിയെന്ന സംശയത്തെ തുടർന്ന് പിടിച്ചിട്ടാൽ ഡ്രൈവർ അതും വച്ചു പോകും. പിന്നെ ചീഞ്ഞ ഗന്ധം സഹിക്കേണ്ടത് ഉദ്യോഗസ്ഥർ മാത്രം. എന്നാൽ ഇവ പരിശോധിക്കാനും അവർക്ക് സംവിധാനങ്ങളില്ല. വിഷമീനാണെന്ന് തെളിഞ്ഞാൽ നശിപ്പിക്കാൻ എങ്ങോട്ട് പോകും? പരിശോധനയ്‌ക്കുള്ള കിറ്റാണെങ്കിൽ ഇന്ന് വരും നാളെ വരും എന്നു പറഞ്ഞ് നീണ്ടുപോകുന്നു.
ഇത്തരം വിഷ മീനുകൾ വിൽക്കുന്നുണ്ടെന്ന പരാതി കൂടുതലും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു ലഭിക്കുന്നത്. അതു കൂടുതലും വ്യാപാരികളുടെ പേരില്ലാത്തവയായിരിക്കും. അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതും ഭക്ഷ്യസുരക്ഷാ വിഭാഗം തന്നെ. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ മാർക്കറ്റുകളിൽ ഇത്തരം മീനുകൾ വിൽക്കുന്ന വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ അവരും തയ്യാറാകുന്നില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരാതി.
എന്നാൽ മാർക്കറ്റിലും ചെക്ക് പോസ്റ്റിലും മറ്റും പരിശോധനക്കിറങ്ങുന്ന ഭക്ഷ്യ സുരക്ഷാ വിഭാഗം കൈയിൽ നിന്നു കാശുമുടക്കി കിറ്റ് വരുത്തണം. കിട്ടുന്നത് ചിലപ്പോൾ കാലാവധി കഴിഞ്ഞതുമായിരിക്കും. വിതരണം ചെയ്യുന്ന കമ്പനിക്ക് ബിൽ കുടിശ്ശികയുള്ളതു കൊണ്ട് കിറ്റ് വിതരണവും ഇപ്പോൾ കാര്യക്ഷമമല്ല. എല്ലാം കൂടി വിഷമവൃത്തത്തിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം.
പരിശോധന ഗോവയിൽ മാത്രം
മീനിൽ ഫോർമാലിൻ , അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനം ഗോവയിൽ മാത്രമാണുള്ളത്. മീൻ കയറ്റിവിടുന്ന സ്ഥലത്ത് വച്ച് അവിടുത്തെ മൊത്തവ്യാപാരികളുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. അത്തരം രാസവസ്തുകൾ ചേർത്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ മുഴുവൻ മീനും അവിടെ തന്നെ നശിപ്പിക്കും.
പി..കെ.. ഗൗരിഷ്
അസി.കമ്മിഷണർ
ഭക്ഷ്യസുരക്ഷാ വിഭാഗം, കണ്ണൂർ
തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഫോർമാലിൻ കലർന്ന മത്സ്യമെത്തുന്നത്. കയറ്റി അയക്കുന്ന സ്ഥലത്ത് നിന്നു തന്നെ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത്തരം മീൻ അവിടെ നിന്നു തന്നെ നശിപ്പിക്കാനുള്ള സംവിധാനം വേണം.