കാസർകോട് : കാടകത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ സ്വദേശമായ തമിഴ്‌നാട് പുതുക്കോട്ടയിൽ എത്തിച്ചു സംസ്‌കരിച്ചു. സംഭവം സംബന്ധിച്ച് ഇന്നോവ കാർ ഡ്രൈവറുടെ പേരിൽ നരഹത്യക്ക് ആദൂർ പൊലീസ് കേസെടുത്തു. മുള്ളേരിയ എ.എം കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പിന്റെ ഉടമ ഗോവിന്ദ രാജ് (50), ഭാര്യ ഉമാവതി (41) എന്നിവരുടെ മൃതദേഹങ്ങളാണ് രണ്ട് ആംബുലൻസുകളിലായി പുതുക്കോട്ട മത്തുവ നഗറിലേക്ക് കൊണ്ടു പോയത്. ഇരുവരുടെയും മൃദേഹങ്ങൾ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മുള്ളേരിയ ടൗണിൽ പൊതുദർശനത്തിന് വെച്ചിരുന്നു. അന്ത്യോപചാരത്തിന് ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്.
ഗോവിന്ദ രാജ് 30 വർഷമായി മുള്ളേരിയയിൽ ബാർബർ ഷോപ്പ് നടത്തി വരുന്നതിനാൽ നാട്ടുകാർക്കെല്ലാം സുപരിചിതനാണ്. വലിയൊരു സൗഹൃദത്തിന് ഉടമയായതിനാൽ നാട്ടിലെല്ലാവർക്കും പ്രിയങ്കരനായിരുന്നു. അതുകൊണ്ട് തന്നെ ഗോവിന്ദ രാജിന്റെയും ഭാര്യയുടെയും അപകടമരണം മുള്ളേരിയ പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.
ദമ്പതികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ബെണ്ടിച്ചാലിലെ നാസിക് മൂസക്കെതിരെയാണ് (24) ആദൂർ പൊലീസ് ബോധപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ബംഗളൂരുവിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് നാസിക് മൂസ തിരിച്ചു വരികയായിരുന്ന കാർ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് സംഭവത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു.