കാസർകോട്: ദമ്പതികളെ വീട് കയറി ആക്രമിച്ചതായി പരാതി. ബീരന്ത്ബയലിലെ ഗണേശ്(53), ഭാര്യ ലീലാവതി (48) എന്നിവർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞരാത്രി നാലംഗ സംഘം വീടുകയറി ആക്രമിച്ചുവെന്നാണ് പരാതി.

ലീലാവതി താമസിക്കുന്ന വീട് കുടുംബസ്വത്തായി കിട്ടിയതാണത്രെ. ഇതുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ട്. ഈ വീട്ടിൽ താമസിക്കാൻ എത്തിയതിന്റെ വിരോധത്തിൽ മുമ്പ് താമസിച്ചവരുടെ ബന്ധു അടക്കമുള്ളവർ മർദ്ദിച്ചുവെന്നാണ് പരാതി. ഗണേശിനെ മുളവടികൊണ്ട് ആക്രമിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ലീലാവതിയെ ആക്രമിച്ചുവെന്നുമാണ് പരാതി. ഗണേശ് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ലീലാവതിയെ അപമാനിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോൾ അവരെ ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.