കാസർകോട് : കാറിൽ കടത്തുകയായിരുന്ന 20 ഗ്രാം എം ഡി എം എ മയക്കുമരുന്നും തോക്കും തിരകളും പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടാംപ്രതി പൊലീസിന്റെ പിടിയിലായി. നേരത്തെ അറസ്റ്റിലായ നിരവധി കേസുകളിൽ പ്രതിയായ കത്തി അഷ്‌റഫിന്റെ കൂട്ടാളിയും പള്ളിക്കരയിലെ ഹോട്ടൽ ഉടമയുമായ പൂച്ചക്കാട്ടെ താജുദ്ദീനെ (35)യാണ് ബേക്കൽ എസ്. ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവയിലും ബംഗളുരുവിലുമായി ഒളിവിൽ കഴിഞ്ഞ താജുദ്ദീനെ കാസർകോട്ടു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാൾ മയക്കുമരുന്ന് ലഹരിയിലായിരുന്നു.

സ്‌റ്റേഷനിലെത്തിച്ചപ്പോൾ പ്രതി പൊലീസുകാരോട് പരാക്രമം നടത്തി.ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. 2019 ആഗസ്ത് മൂന്നിന് പുലർച്ചെയാണ് തൃക്കണ്ണാട് കടപ്പുറം റോഡിലെ സീപാർക്ക് ഹോട്ടലിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിൽ നിന്ന് മയക്കുമരുന്നും തോക്കും തിരകളും പിടികൂടിയത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ എൻജിനീയറിംഗ് വിദ്യാർത്ഥിയായ മുഹമ്മദ് ഷാക്കിബിനെ (21) സംഭവസ്ഥലത്തു വെച്ച് തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന കത്തി അഷ്‌റഫും താജുദ്ദീനും ഓടിരക്ഷപ്പെട്ടു. കർണാടക രജിസ്‌ട്രേഷനിലുള്ള കെ. എ. 51 എ എ 5194 നമ്പർ ചുവന്ന സ്വിഫ്റ്റ് കാറിലാണ് മയക്കുമരുന്ന് കടത്തിയത്. രണ്ടു ദിവസത്തിനു ശേഷം കത്തി അഷ്‌റഫിനെ മംഗളൂരുവിലെ രഹസ്യതാവളത്തിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.പാലക്കുന്നിൽ നടന്ന വെടിവെപ്പ് കേസിലെ പ്രതി കൂടിയാണ് കത്തി അഷ്‌റഫ്. വൻ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് പൊലീസ് പറയുന്നത്.