പഴയങ്ങാടി: കണ്ണപുരം ചെറുകുന്ന് പള്ളിച്ചാലിൽ കാറുകൾ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മുംബൈയിലെ മദർതെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിൽ സിസ്റ്റർ എം.സി.സുഭാഷി (72) യാണ് മരിച്ചത്. ഇന്നലെ രാവിലെ നാലരയോടെയാണ് അപകടമുണ്ടായത്. സിസ്റ്ററുടെ ചേച്ചി ലീലാമ്മയുടെ മകൻ ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച ഡോൺ ബോസ്‌കോ (55), ഭാര്യ ഷൈലമ്മ (47), മകൻ ഷിബിൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. .
കോട്ടയത്തു നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കാർ കാസർകോട്ടു നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മംഗലാപുരത്ത് ഇവർക്കുള്ള സ്ഥലം സന്ദർശിക്കാൻ പോകുമ്പോഴാണ് കുടുംബം അപകടത്തിൽപ്പെട്ടത്.
മുംബൈയിൽ നിന്ന് കഴിഞ്ഞദിവസമാണ് സിസ്റ്റർ സുഭാഷി നാട്ടിലെത്തിയത്. പരിക്കേറ്റവരെ കണ്ണപുരം പൊലീസ് ഉടൻതന്നെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിച്ചു. ആശുപത്രിയിൽ വച്ചാണ് സിസ്റ്റർ സുഭാഷി മരിച്ചത്.