കാസർകോട്: ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് കാരിബാഗുകൾ അടക്കമുള്ളവ നിരോധിച്ചിട്ടും കടകളിൽ യഥേഷ്ടം വിൽപന നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടെത്തി പിടിച്ചെടുത്തത്. മത്സ്യ മാർക്കറ്റുകളിൽ നിന്നും മത്സ്യങ്ങൾ പൊതിയാനായി സൂക്ഷിച്ച പ്ലാസ്റ്റിക് കരിബാഗുകൾ പിടിച്ചെടുത്തു. പല കടകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

പ്ലാസ്റ്റിക് ബാഗുകൾ സൂക്ഷിക്കുന്നവർക്കും വിൽപന നടത്തുന്നവർക്കും ശക്തമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ നേരത്തേ വിവരം നൽകിയിരുന്നുവെങ്കിലും സാധനങ്ങൾ പൊതിഞ്ഞു നൽകാൻ മറ്റു സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കച്ചവടക്കാർ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഉപഭോക്താക്കൾ തന്നെ തുണിസഞ്ചികൾ കൊണ്ടുവരണമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.